രാജ്യതലസ്ഥാനം തെരഞ്ഞെടുപ്പ് ചൂടില്‍; സമ്മതിദാനവകാശം രേഖപ്പെടുത്തി പ്രമുഖര്‍

ന്യൂഡല്‍ഹി: രാജ്യം ഉറ്റു നോക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ പോര്‍വിളികള്‍ക്കൊടുവിലാണ് ഡല്‍ഹി ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തിയിരിക്കുന്നത്. അക്രമ സാധ്യതകള്‍ കണക്കിലെടുത്ത് കനത്ത സുരക്ഷയ്ക്ക് നടുവിലാണ് രാജ്യ തലസ്ഥാനത്ത് പോളിംഗ് നടക്കുന്നത്. രാവിലെ എട്ട് മണിക്ക് തുടങ്ങിയ പോളിംഗ് 10 മണിയോടടുത്തപ്പോള്‍ 4.33 ശതമാനം രേഖപ്പെടുത്തിക്കഴിഞ്ഞു.

കാല-രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക തുടങ്ങി വിവധ രംഗങ്ങളിലുള്ള പ്രമുഖര്‍ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ പോളിംഗ് ബൂത്തിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. ഡല്‍ഹി മുഖ്യന്‍ അരവിന്ദ് കെജ്രിവാള്‍ കുടുംബത്തിനൊപ്പമാണ് വോട്ട് ചെയ്യാനെത്തിയത്. അദ്ദേഹത്തിന്റെ മകന്റെ കന്നി വോട്ട് കൂടിയാണ് ഇത്. എല്ലാവരും ജനാധിപത്യ അവകാശം വിനിയോഗിക്കണമെന്ന് അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹിയിലെ ജനങ്ങളോട് ആവശ്യപ്പെട്ടു. വീട്ടിലെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നത് പോലെ രാജ്യത്തിന്റെയും ഡല്‍ഹിയിടേയും ഉത്തരവാദിത്വം നിറവേറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധനും കുടുംബത്തിനൊപ്പമാണ് പോളിംഗ് ബൂത്തിലേക്ക് എത്തിയത്.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഭാര്യക്ക് ഒപ്പമെത്തി വോട്ട് ചെയ്തു. രാജേന്ദ്രപ്രസാദ് കേന്ദ്രീയ വിദ്യാലയത്തിലെത്തിയാണ് അദ്ദേഹം തന്റെ സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്.

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഭാര്യ സീമാസിസോഗിയക്ക് ഒപ്പമെത്തി വോട്ട് ചെയ്തു.

ബിജെപി എംപി മീനാക്ഷി ലേഖി ദില്ലിയില്‍ വോട്ട് ചെയ്തു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അല്‍ക്ക ലാംബ വോട്ട് ചെയ്തു.

ഡല്‍ഹി ലഫ്‌ററ. ഗവര്‍ണര്‍ അനില്‍ ബെയ്ജാന്‍ ഭാര്യയ്ക്ക് ഒപ്പമെത്തി വോട്ട് ചെയ്തു.

ബോളീവുഡ് താരം തപ്‌സി പന്നു ഡല്‍ഹിയില്‍ കുടുംബസമേതമെത്തി വോട്ട് ചെയ്തു.

ആകെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്‌. ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി, ബിജെപി, കോണ്‍ഗ്രസ് എന്നിവ തമ്മിലുള്ള ത്രികോണ മത്സരമാണ് മിക്ക മണ്ഡലങ്ങളിലും നടക്കുന്നത്. ബിജെപിയുടെ സഖ്യകക്ഷിയായി ജെഡിയു 2 സീറ്റിലും എല്‍ജെപി 1 സീറ്റിലും മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസ് സഖ്യകക്ഷിയായ ആര്‍ജെഡി 4 സീറ്റില്‍ മത്സരിക്കുന്നുണ്ട്. ബിഎസ്പി 42 സീറ്റുകളിലും മത്സരിക്കുന്നുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 70ല്‍ 67 സീറ്റുമായാണ് ആം ആദ്മി പാര്‍ട്ടി വിജയം ആഘോഷിച്ചത്. ബിജെപി 3 സീറ്റില്‍ ജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിച്ചില്ല. ഇക്കുറി നില മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

തെരഞ്ഞെടുപ്പ് ഫലം 11 നാണ് പുറത്ത് വരുന്നത്. ഇന്നു വൈകിട്ട് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും. ആകെ 1.48 കോടി വോട്ടര്‍മാരാണുള്ളത്.

Top