സംസ്ഥാനത്ത് സിമന്‍റ് വില ഉടന്‍ കുറയില്ല ; അഞ്ചാമത്തെ ചര്‍ച്ചയിലും തീരുമാനമായില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് സിമന്‍റ് വില ഉടന്‍ കുറയില്ല. സിമന്റ് വില കുറയ്ക്കുന്നതിന് കമ്പനികളും വ്യപാരികളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. വിലകുറയ്ക്കുന്ന കാര്യത്തില്‍ കമ്പനി മേധാവികള്‍ക്കേ തീരുമാനമെടുക്കാനാവൂ എന്ന് ചര്‍ച്ചയില്‍ പ്രതിനിധികളായെത്തിയവര്‍ അറിയിച്ചതോടെ മുഖ്യമന്ത്രി ചര്‍ച്ച അവസാനിപ്പിച്ച് മടങ്ങി. വില കുറയ്ക്കുന്നതിന് സര്‍ക്കാര്‍ ഇടപെടുമെന്ന് വ്യവസായമന്ത്രി ഇ.പി.ജയരാജന്‍ സിമന്റ് കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ഇത് അഞ്ചാം തവണയാണ് സര്‍ക്കാര്‍ സിമന്‍റ് കമ്പനികളുടേയും ഡീലര്‍മാരുടയും യോഗം വിളിച്ചുചേര്‍ത്തത്. തമിഴ്നാട്ടില്‍ 300 രൂപയില്‍ താഴെ ഒരു ചാക്ക് സിമന്‍റ് കിട്ടും. കേരളത്തിലാകട്ടെ ഇത് 400 മുതല്‍ 450 രൂപ വരെയാണ്.

തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും പങ്കെടുത്തു. ഒരു മാസത്തിനുള്ളില്‍ സിമന്‍റ് വില കുറക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു.

Top