മതസൗഹാര്‍ദ്ദം തകര്‍ക്കുന്നു; സിദ്ധാര്‍ത്ഥ് ശിവയുടെ ചിത്രത്തിന് പ്രദര്‍ശനാനുമതി തടഞ്ഞു

പാര്‍വതി തിരുവോത്തിനെ നായികയാക്കി സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ചിത്രത്തിനു പ്രദര്‍ശനാനുമതി തടഞ്ഞ് റീജനല്‍ സെന്‍സര്‍ ബോര്‍ഡ്. ‘വര്‍ത്തമാനം’ എന്ന ചിത്രത്തിനെതിരെയാണ് നടപടി. കൂടുതല്‍ പരിശോധനയ്ക്കായി ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണ്. ചിത്രം ദേശവിരുദ്ധമാണെന്നും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തു. ചിത്രത്തില്‍ കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഉപരിപഠനത്തിന് എത്തുന്ന ഫാസിയ സൂഫിയ എന്ന ഗവേഷക വിദ്യാര്‍ത്ഥിയുടെ വേഷത്തിലാണ് പാര്‍വതി എത്തുന്നത്. റോഷന്‍ മാത്യു, സിദ്ധീഖ്, നിര്‍മ്മല്‍ പാലാഴി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്യാടന്‍ ഷൗക്കത്താണ് വര്‍ത്തമാനത്തിന്റെ തിരക്കഥാകൃത്ത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് നിര്‍മ്മാണം.

മുംബൈയിലെ സിബിഎഫ്‌സി റിവൈസിംഗ് കമ്മിറ്റിയാണ് ഇനി അനുമതി നല്‍കേണ്ടത്. ചെയര്‍മാന്‍ തീരുമാനമെടുത്താൽ മാത്രമേ ചിത്രം പ്രദര്‍ശിപ്പിക്കാനാവുകയുള്ളു. ജെഎന്‍യു, കശ്മീര്‍ സംബന്ധമായ ഭാഗങ്ങളും നടപടിക്ക് കാരണമായിട്ടുണ്ട്. ചിത്രത്തിന്റെ ചിലഭാഗങ്ങള്‍ കട്ട് ചെയ്ത് മാറ്റണമെന്ന് കേരളത്തിലെ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ അറിയിച്ചിരുന്നു. അതേസമയം, ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടതായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് പ്രൊഡ്യൂസര്‍മാരില്‍ ഒരാള്‍ അറിയിച്ചു. നിവിന്‍ പോളി നായകനായ സഖാവിന് ശേഷം സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്യുന്ന സിനിമയാണ് വര്‍ത്തമാനം.

Top