ന്യൂഡല്‍ഹി: സെന്‍സര്‍ ബോര്‍ഡിന്റെ ‘സെന്‍സറിംഗ്’ അധികാരങ്ങള്‍ എടുത്തുകളയുമെന്നു റിപ്പോര്‍ട്ട്. സിനിമാറ്റോഗ്രഫി ആക്ടില്‍ ഭേദഗതി വരുത്തിയുള്ള ബില്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ ചുമതല സര്‍ട്ടിഫിക്കറ്റ് നല്‍കല്‍ മാത്രമായി ചുരുങ്ങും.
ഇക്കാര്യത്തില്‍ മന്ത്രാലയം അഭിപ്രായങ്ങള്‍ ശേഖരിച്ചു വരികയാണെന്നും കൂടുതല്‍ വിവാദങ്ങള്‍ ഒഴിവാക്കുന്നതിനു വേണ്ടിയാണ് ബില്‍ അവതരിപ്പിക്കുന്നതെന്നാണ് സൂചന.
സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പങ്കജ് നിഹലാനിയുടെ കീഴില്‍ നടത്തിയ പരിഷ്‌കരണങ്ങളുടെയും കത്രികവയ്ക്കുകളുടെയും പേരില്‍, സെന്‍സര്‍ ബോര്‍ഡിനും മോദി സര്‍ക്കാരിനുമെതിരേ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.
ബോളിവുഡ് സിനിമ ഉഡ്ത പഞ്ചാബിന്റെ സെന്‍സറിംഗിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ മോദി സര്‍ക്കാരിന്റെ മോടിക്കു മങ്ങലേല്‍പ്പിച്ചിരുന്നു.
സിനിമയെ നിരീക്ഷിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമായി രണ്ടു കമ്മിറ്റികളെ നിയമിക്കുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ സൂചന നല്‍കുന്നു.