മുംബൈ: നടന്‍ വിശാല്‍ ഉയര്‍ത്തിയ കൈക്കൂലി ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സി ബി എഫ് സി) ഇന്ന് അടിയന്തര യോഗം ചേരും. ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി വിളിച്ചുചേര്‍ത്ത യോഗത്തില്‍ എല്ലാ മേഖലാ ഉദ്യോഗസ്ഥരും പങ്കെടുക്കും.മാര്‍ക്ക് ആന്റണി എന്ന ചിത്രത്തിന്റെ ഹിന്ദിപ്പതിപ്പിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ മുംബൈ സി ബി എഫ് സി ഉദ്യോഗസ്ഥര്‍ക്ക് 6.5 ലക്ഷം രൂപ കൈക്കൂലി നല്‍കേണ്ടിവന്നുവെന്നായിരുന്നു നടന്‍ വിശാലിന്റെ വെളിപ്പെടുത്തല്‍. ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ താരം പങ്കുവച്ചിരുന്നു.
സംഭവത്തില്‍ വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ ഫിലിം പ്രൊഡക്ഷന്‍ അസോസിയേഷന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.അഴിമതി ആരോപണങ്ങള്‍ കാരണം, മറ്റ് ഹിന്ദി, പ്രാദേശിക സിനിമകളുടെ സെന്‍സര്‍ഷിപ്പ് ഇതുവരെ സി ബി എഫ് സി പൂര്‍ത്തിയാക്കിയിട്ടില്ല.ഇതിനാല്‍ സിനിമകളുടെ റിലീസ് തിയിതി മാറ്റാന്‍ ചില നിര്‍മാതാക്കാള്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
കൈക്കൂലി ആരോപണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഡയറക്ടേഴ്‌സ് അസോസിയേഷന്‍ മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയതായി മുന്‍ സി ബി എഫ് സി ഉദ്യോഗസ്ഥന്‍ അശോകിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. തന്റെ പരാതിയില്‍ അടിയന്തര നടപടി സ്വീകരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയ്ക്കും, കേന്ദ്ര വിവര പ്രക്ഷേപണ മന്ത്രാലയത്തിനും നടന്‍ വിശാലും സോഷ്യല്‍ മീഡിയയിലൂടെ നന്ദി പ്രകടിപ്പിച്ചിരുന്നു.