ദില്ലി: ഹ്രസ്വകാല കാർഷിക വായ്പകൾക്ക് പ്രതിവർഷം 1.5 ശതമാനം പലിശ ഇളവ് നൽകാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. മൂന്ന് ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല കാർഷിക വായ്പകൾക്കാണ് പലിശ ഇളവ് ലഭിക്കുക. കടക്കെണിയിൽ വലയുന്ന കർഷകർക്ക് ആശ്വാസമാകുന്നതാണ് കേന്ദ്ര സർക്കാറിന്റെ ഈ പ്രഖ്യാപാനം. 2022-23, 2024-25 സാമ്പത്തിക വർഷത്തേക്കാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്.
പൊതുമേഖലാ ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലും സഹകരണ മേഖലകളിലും കർഷകർക്ക് പലിശ ഇളവിന്റെ പ്രയോജനം ലഭിക്കും. ഇതിലൂടെ 38,856 കോടി രൂപയുടെ ബാധ്യത ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.
നടപടി കാർഷിക വായ്പകളുടെ ഒഴുക്ക് നിലനിർത്താനും ബാങ്കുകളുടെ സാമ്പത്തിക ആരോഗ്യം ഉറപ്പാക്കാനും സഹായിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. കർഷകർക്ക് കൂടുതൽ വായ്പ ലഭിക്കാൻ ഈ നീക്കം പ്രയോജനപ്പെടുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.