ഡൽഹി: രാജ്യത്ത് ഗോതമ്പ് മാവിന്റെ കയറ്റുമതി നിരോധിച്ച് കേന്ദ്രം. വിലക്കയറ്റം പിടിച്ചു നിർത്താനാണ് നടപടി എന്നാണ് കേന്ദ്രമന്ത്രിസഭയുടെ വിശദീകരണം. ഗോതമ്പ് മാവിന്റെ കയറ്റുമതി നിരോധിക്കരുത് എന്നായിരുന്നു നേരത്തെയുള്ള നിയമം. ഇതാണ് ഇപ്പോള്‍ ഭേദഗതി ചെയ്തിരിക്കുന്നത്.
മെയ് മാസത്തില്‍ ഗോതമ്പ് കയറ്റുമതിയും കേന്ദ്രം നിരോധിച്ചിരുന്നു. യുക്രൈൻ റഷ്യ യുദ്ധത്തിന് പിന്നാലെ ആഗോള വിപണിയിൽ ഗോതമ്പ് വില കുത്തനെ കൂടിയിരുന്നു.
ഇറക്കുമതി-കയറ്റുമതി വിവരങ്ങൾ അനധികൃതമായി പ്രസിദ്ധീകരിക്കുന്നത് കോമ്പൗണ്ടബിൾ കുറ്റമാക്കി കേന്ദ്ര സർക്കാർ. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് വിജ്ഞാപനമനുസരിച്ച് രാജ്യത്തെ കയറ്റുമതി ഇറക്കുമതി വിവരങ്ങൾ അനധികൃതമായി പുറത്തുവിടുന്നത് കുറ്റകൃത്യമാണ്. കസ്റ്റംസ് നിയമത്തിലെ സെക്ഷൻ 135AA പ്രകാരമുള്ള കുറ്റകൃത്യങ്ങൾ ഇന്ന് കൂട്ടിച്ചേർത്തു.
ഇനി മുതൽ കസ്റ്റംസ് ആക്ടിലെ സെക്ഷൻ 135എഎ വകുപ്പ് പ്രകാരം കയറ്റുമതി, ഇറക്കുമതി വിവരങ്ങൾ അനധികൃതമായി പ്രസിദ്ധീകരിച്ചതിന് ഒരു വ്യക്തിക്ക് ആറ് മാസം തടവോ 50,000 രൂപ വരെ പിഴയോ ശിക്ഷയായി ലഭിക്കും.
2022-23 ലെ കേന്ദ്ര ബജറ്റിൽ, ഇറക്കുമതിക്കാരോ കയറ്റുമതിക്കാരോ കസ്റ്റംസിന് സമർപ്പിച്ച ഇറക്കുമതി, കയറ്റുമതി ഡാറ്റ പുറത്തു വിട്ടാലും അത് കുറ്റമായി കണക്കാക്കുന്നു എന്ന വ്യക്തമാക്കിയിരുന്നു. വിവരങ്ങൾ പരിരക്ഷിക്കാത്തത് കസ്റ്റംസിന് കീഴിലുള്ള കുറ്റമായി കണക്കാക്കാൻ, ധനമന്ത്രി നിർമ്മല സീതാരാമൻ വകുപ്പ് 135AA കൂട്ടിച്ചേർക്കാൻ ആവശ്യപ്പെട്ടിരുന്നു.