വാഹനങ്ങളില്‍ ഫ്‌ലെക്‌സ് ഫ്യുവല്‍ എന്‍ജിന്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രം

രാജ്യത്ത് പരമ്പരാഗത ഇന്ധനങ്ങള്‍ക്ക് പകരം ഹരിത ബദലായി എഥനോളിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഒന്നിലധികം ഇന്ധനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഫ്‌ലെക്‌സ് ഫ്യുവല്‍ എന്‍ജിന്‍ ഉള്ള വാഹനങ്ങള്‍ നിര്‍മിക്കുന്നത് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വരുന്ന മൂന്നോ നാലോ മാസങ്ങള്‍ക്ക് ഉള്ളില്‍ പദ്ധതി യാതാര്‍ത്ഥ്യമാക്കുമെന്നും ഇത് സംബന്ധിച്ച് ഉത്തരവ് വൈകാതെ തന്നെ പുറത്തിറക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പുണെയില്‍ ഒരു ഫ്‌ലൈഓവറിന്റെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗഡ്കരി.

ഒന്നിലധികം ഇന്ധനം ഉപയോഗിക്കാന്‍ സാധിക്കുന്ന വാഹനങ്ങളെയാണ് ഫ്‌ളെക്‌സ്ഫ്യുവല്‍ വാഹനങ്ങള്‍ എന്ന് അറിയപ്പെടുന്നത്. ഒരു ഇന്ധനത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന എന്‍ജിനുകളാണ് ഇന്ത്യയിലെ വാഹനങ്ങളിലുള്ളത്. എന്നാല്‍, ഭാവിയില്‍ ഒന്നിലധികം ഇന്ധനം ഉപയോഗിക്കാന്‍ കഴിയുന്ന വാഹനങ്ങള്‍ നിര്‍ബന്ധമായും നിര്‍മിക്കാന്‍ വാഹന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കുന്നതായിരിക്കും പുതിയ ഉത്തരവെന്നാണ് റിപ്പോര്‍ട്ടുകള്‍. എഥനോള്‍ അധിഷ്ഠിതമായ ഇന്ധനം അവതരിപ്പിക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പായാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്.

ഇന്ധനച്ചെലവില്‍ കുറവ് വരുന്നതിന് പുറമെ, എഥനോളിന് മറ്റ് പരമ്പരാഗത ഇന്ധനങ്ങളെക്കാള്‍ മലിനീകരണം കുറവാണെന്നാണ് വിലയിരുത്തല്‍. ഇത് ഉപയോഗിക്കുന്നതിലൂടെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുന്നതിന് സഹായിക്കും. അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ഫ്‌ളെക്‌സ് ഫ്യുവല്‍ വാഹനങ്ങള്‍ സജീവമാണ്. ഇത് ഇന്ത്യയില്‍ എത്തുന്നതോടെ പെട്രോളും എഥനോളും ഉപയോഗിച്ച് വാഹനം ഓടിക്കാന്‍ കഴിയും.

ആറ് മാസത്തിനകം രാജ്യത്ത് എഥനോള്‍ പമ്പുകളുടെ ശൃംഖല സ്ഥാപിക്കുമെന്ന് ഗതാഗത, ഹൈവേ മന്ത്രാലയം നേരത്തേ പറഞ്ഞിരുന്നു. എഥനോളിന്റെ ലഭ്യത ഉറപ്പുവരുത്തുമെന്ന് താന്‍ ഉറപ്പുനല്‍കുന്നതായും പ്രകൃതി വാതക ഇന്ധനങ്ങളോടുള്ള ജനങ്ങളുടെ വിധേയത്വം അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും വാഹന നിര്‍മാതാക്കളുടെ കൂട്ടായ്മയായ സിയാം വാര്‍ഷിക കണ്‍വെന്‍ഷനില്‍ സംസാരിക്കുന്നതിനിടെ നിതിന്‍ ഗഡ്കരി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.

ആദ്യഘട്ടത്തില്‍ എഥനോള്‍ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും പിന്നീടായിരിക്കും പമ്പുകള്‍ സ്ഥാപിക്കുക. 100 ശതമാനം എഥനോളിലും ശുദ്ധമായ പെട്രോളിലും ഓടാന്‍ കഴിയുന്ന ഫ്‌ലെക്‌സ് എഞ്ചിനുള്ള വാഹനങ്ങള്‍ നിര്‍മിക്കാന്‍ നിര്‍മാതാക്കളെ നിര്‍ബന്ധിക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. 2022 മുതല്‍ ഇന്ത്യയിലുടനീളം 10 ശതമാനം എഥനോള്‍ ചേര്‍ത്ത ഇന്ധനം കൊണ്ടുവരാനും ഇത് ഘട്ടംഘട്ടമായി 20 ശതമാനംവരെ വര്‍ധിപ്പിക്കാനും കേന്ദ്രത്തിന് പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Top