75,000 ടണ്‍ ബസ്മതി ഇതര വെള്ള അരി യു.എ.ഇയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് കേന്ദ്രത്തിന്റെ പച്ചക്കൊടി

ഡല്‍ഹി: 75,000 ടണ്‍ ബസ്മതി ഇതര വെള്ള അരി യു.എ.ഇയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് അനുമതി നല്‍കി കേന്ദ്രം. കഴിഞ്ഞ ജൂലൈയില്‍, ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചിരുന്നു. യുഎഇയിലേക്കുള്ള അരിയുടെ കയറ്റുമതി നാഷണല്‍ കോഓപ്പറേറ്റീവ് എക്സ്പോര്‍ട്ട്സ് ലിമിറ്റഡ് വഴി അനുവദിക്കുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് അറിയിച്ചു. ആഭ്യന്തര വില നിയന്ത്രിക്കുന്നതിന്റെയും മണ്‍സൂണിലെ വിളവ് കുറഞ്ഞതിന്റെയും ഭാഗമായി ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം.

ധാന്യങ്ങളുടെ ആഭ്യന്തര വിതരണം വര്‍ധിപ്പിക്കുന്നതിനായി, കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അരിയുടെയും മേയില്‍ ഗോതമ്പിന്റെയും ജൂലൈയില്‍ ബസുമതി ഇതര വെള്ള അരിയുടെയും കയറ്റുമതിക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. കഴിഞ്ഞ ജൂലൈയില്‍, ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചിരുന്നു.

ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചിരുന്നുവെങ്കിലും മറ്റ് രാജ്യങ്ങള്‍ക്ക് അവരുടെ ഭക്ഷ്യസുരക്ഷാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഇന്ത്യയെ സമീപിച്ചാല്‍ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍ കയറ്റുമതി അനുവദിക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ഭക്ഷ്യ പ്രതിസന്ധി നേരിടുന്ന രാജ്യങ്ങള്‍ അഭ്യര്‍ത്ഥിച്ചാല്‍ ആവശ്യമായ അരിയോ ഗോതമ്പോ നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മാസം ഭൂട്ടാന്‍, മൗറീഷ്യസ്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്ക് ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതി അനുവദിക്കാന്‍ രാജ്യം തീരുമാനിച്ചിരുന്നു. 79,000 മെട്രിക് ടണ്‍ ബസുമതി ഇതര വെള്ള അരി ഭൂട്ടാനിലേക്കും 50,000 ടണ്‍ സിംഗപ്പൂരിലേക്കും 14,000 ടണ്‍ മൗറീഷ്യസിലേക്കും കയറ്റുമതി ചെയ്യാന്‍ അനുവദിക്കുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് പ്രസ്താവനയില്‍ പറഞ്ഞു. ജൂലൈ 21 ന് നേപ്പാളിലേക്ക് 3 ലക്ഷം ടണ്‍ ഗോതമ്പും കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു.

Top