ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടി തുടങ്ങി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. അയല്‍രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം ഇതര അഭയാര്‍ത്ഥികളില്‍ നിന്നാണ് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിയ മുസ്ലിം ഇതര പൗരന്മാരില്‍ നിന്നാണ് ഇന്ത്യന്‍ പൗരത്വം നേടുന്നതിനുള്ള അപേക്ഷ ക്ഷണിച്ചത്.
നിയമ പ്രകാരം ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ജെയിന്‍, ബുദ്ധിസ്റ്റ്, പാഴ്‌സി, ക്രിസ്ത്യന്‍ മത വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ സാധിക്കും.
ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ താമസിക്കുന്നവരില്‍ നിന്നാണ് അപേക്ഷ തേടിയത്. ഇവര്‍ 2014 ഡിസംബര്‍ 31 നുള്ളില്‍ ഇന്ത്യയിലെത്തിയവരായിരിക്കണം എന്ന നിബന്ധനയുമുണ്ട്.
1955ലെ പൗരത്വ നിയമത്തില്‍ നടപ്പിലാക്കിയ ചട്ടങ്ങള്‍ അനുസരിച്ചാണ് ഈ അപേക്ഷ എന്നാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവില്‍ ഇറക്കിയതില്‍ വ്യക്തമാക്കുന്നത്. 2019 ല്‍ പൗരത്വ ഭേദഗതി നിയമത്തില്‍ സമാനമായ തരത്തിലുള്ള മാനദണ്ഡങ്ങളാണ് ഇതില്‍ പാലിച്ചിരിക്കുന്നത്. ശക്തമായ പ്രതിക്ഷേധം രണ്ടു വര്‍ഷക്കാലമായി ഉയരുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നത്.