പിഎംജികെവൈ പ്രകാരം ജനങ്ങള്‍ക്ക് നല്‍കി വന്നിരുന്ന സൗജന്യറേഷന്‍ കേന്ദ്രം നിര്‍ത്തുന്നു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കി വന്നിരുന്ന സൗജന്യ റേഷന്‍ നിര്‍ത്തുന്നു. നിലവില്‍ ഇതിന്റെ കാലാവധി അവസാനിക്കുന്ന നവംബര്‍ 30 ന് ശേഷം സൗജന്യറേഷന്‍ നീട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു 2020 മാര്‍ച്ച് മാസത്തെ പ്രധാനമന്ത്രി ഗരീബ് കല്യാണ് യോജന പ്രകാരം രാജ്യത്തെ ജനങ്ങള്‍ക്ക് സൗജന്യറേഷന്‍ പ്രഖ്യാപിച്ചത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് രാജ്യത്തെ ജനങ്ങളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതാണ് സൗജന്യറേഷന്‍ പ്രഖ്യാപിക്കാന്‍ പ്രധാനകാരണം.

2020 മാര്‍ച്ച് മാസത്തില്‍ ആരംഭിച്ച സൗജന്യ റേഷന്‍ 2021 നവംബര്‍ 30 വരെ പലപ്പോഴായി നീട്ടിയിരുന്നു. എന്നാല്‍ കൊവിഡിന്റെ പിടി അയഞ്ഞതും സാമ്പത്തിക മേഖല ശക്തിപ്പെട്ടതുമാണ് ഇപ്പോഴത്തെ തീരുമാനത്തിന് പിന്നില്‍.

തുടക്കത്തില്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ് യോജന 2020 ഏപ്രില്‍ ജൂണ്‍ മാസ കാലയളവിലേക്ക് ആയിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഇത് പിന്നീട് 2021 നവംബര്‍ 30 വരെയെത്തി. ഇനി നീട്ടാന്‍ ആകില്ലെന്ന് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി സുധാന്‍ഷു പാണ്ഡെയാണ്. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top