ഡൽഹി: ഇൻഫർമേഷൻ ടെക്നോളജി ചട്ടത്തിൽ ഭേദഗതിയുമായി കേന്ദ്രസർക്കാർ. സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ സർക്കാർ തലത്തിൽ സംവിധാനം. കമ്പനികളുടെ നടപടികളിൽ തൃപ്തരല്ലെങ്കിൽ പരാതി പരിഹാര സമിതിയെ സമീപിക്കാം.
സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ കേന്ദ്രസർക്കാർ നിയമിക്കുന്ന സമിതി മൂന്ന് മാസത്തിനകം നിലവിൽ വരും. ഫെയ്സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം,യുട്യൂബ് തുടങ്ങി സമൂഹമാധ്യമ കമ്പനികൾക്ക് ഇന്ത്യയിലെ നിയമങ്ങൾ പൂർണമായും ബാധമായിരിക്കും.
ഉപയോക്താക്കളുടെ പരാതി പരിശോധിക്കാൻ കമ്പനികൾ സ്വന്തം നിലയിൽ സംവിധാനം രൂപീകരിക്കണം. ഇത്തരം സംവിധാനങ്ങളുടെ നടപടികളിൽ തൃപ്തരല്ലെങ്കിൽ പരാതിക്കാരന് സർക്കാർ രൂപീകരിക്കുന്ന സമിതിയിൽ അപ്പീൽ നൽകാം. അപ്പീലിന്മേൽ 30 ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകും.ചെയർപേഴ്സൺ അടക്കം 3 സ്ഥിരം അംഗങ്ങളെ സർക്കാരിന് നിയമിക്കാം.