തിരുവനന്തപുരം : ബി.ജെ.പി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജ ശേഖരനെ അധിക്ഷേപിച്ച് ആക്ഷേപ ഹാസ്യ പരിപാടി സംപ്രേഷണം ചെയ്ത മനോരമ ന്യൂസിനെതിരെ കേന്ദ്ര വാര്‍ത്താ വിതരണമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു.
ബി.ജെ.പി പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി പി.രാജിവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കുമ്മനത്തെ മിസോറാം ഗവര്‍ണ്ണര്‍ ആയി രാഷ്ട്രപതി നിയമിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തെ അപഹസിച്ച് ചാനല്‍ ‘തിരുവാ എതിര്‍വാ’ എന്ന പരിപാടി സംപ്രേഷണം ചെയ്തത്.
സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് മനോരമ ന്യൂസ് ചാനല്‍ ഇത് സംബന്ധിച്ച ഒരു വക്കീല്‍ നോട്ടിസിന് മറുപടി നല്‍കിയിരുന്നു. എവരി ഡോഗ് ഹാസ് എ ഡേ എന്ന പ്രയോഗം, എല്ലാവര്‍ക്കും ഒരു നല്ല ദിവസം ഉണ്ടാകും എന്ന പോസ്റ്റിവ് അര്‍ത്ഥത്തിലുള്ളതാണെന്നും, വില്യം ഷേക്‌സ്പിയറിന്റെ ഹാംലറ്റ് എന്ന നാടകത്തില്‍ പലതവണ ഈ പ്രയോഗം നടത്തിയിട്ടുണ്ടെന്നും ചാനല്‍ വിശദീകരണം നല്‍കിയിരുന്നു.
സംഭവത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. കുമ്മനം രാജശേഖരനെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി പൊലീസ് കമ്മീഷണര്‍ക്ക് ഹിന്ദു ഐക്യവേദിയും ‘തിരുവാ എതിര്‍വാ’ എന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടിക്കെതിരെ പോലിസില്‍ പരാതി നല്‍കിയിരുന്നു.