കള്ളപ്പണം സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: കള്ളപ്പണം സംബന്ധിച്ച് സ്വിറ്റ്സർലാന്റിൽ നിന്നും ലഭിച്ചിട്ടുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ. സ്വിസ് സർക്കാർ ഇന്ത്യക്ക് കെെമാറിയ കള്ളപ്പണത്തിന്റെ വിവരങ്ങൾ, കള്ളപ്പണം കെെവശം വച്ചിട്ടുള്ള സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവ വെളിപ്പെടുത്താൻ ആവശ്യപ്പെട്ട് സമർപ്പിച്ച ആർ.ടി.ഐക്ക് മറുപടിയായി കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയും സ്വിറ്റ്സര്‍ലാന്‍റും കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ പരസ്പരം കെെമാറിയെന്നും കേസുകളിലെ അന്വേഷണം പുരോഗമിക്കുകയാണെന്നും കേന്ദ്രം വ്യക്തമാക്കുന്നുണ്ട്. സ്വിറ്റ്സര്‍ലാന്‍റില്‍ നിന്ന് ലഭിച്ച കള്ളപ്പണക്കേസുകളും ഒപ്പം വ്യക്തികളുടെയും കമ്പനികളുടെ വിവരങ്ങളുമാണ് പിടിഐ വിവരാവകാശ അപേക്ഷയില്‍ ചോദിച്ചത്.

സാമ്പത്തിക ഇടപാടിനെ കുറിച്ചും അകൗണ്ടുകളെ കുറിച്ചുമുള്ള വിവരങ്ങൾ കെെമാറുന്നതിനുള്ള സംയുക്ത കരാറിൽ 2016 നവംബർ 22 ഇന്ത്യയും സ്വിറ്റസർലാന്റും ഒപ്പ് വെച്ചിരുന്നു. ഇതുപ്രകാരം 2018 കലണ്ടർ വർഷം മുതൽ ഇന്ത്യക്കാരുടെ സ്വിസ് അകൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചു കൊണ്ടിരിക്കുന്നുണെന്നും, ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

8,465 കോടി രൂപയാണ് അനധികൃതമായി നിക്ഷേപിച്ചതായി കണ്ടെത്തിയിരിക്കുന്നത്. ഇത് കൂടാതെ 162 കേസുകളിലായി 1,291 കോടി രൂപ പിഴയായി ഈടാക്കിയെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.

Top