ഗംഗാനദിയില്‍ ഉപേക്ഷിക്കപ്പെട്ട മൃതദേഹങ്ങള്‍ സംബന്ധിച്ച് കണക്കുകള്‍ ലഭ്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിനിടെ ഗംഗാനദിയില്‍ ഉപേക്ഷിക്കപ്പെട്ട മൃതദേഹങ്ങള്‍ സംബന്ധിച്ച് കണക്കുകള്‍ ലഭ്യമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രി ബിശ്വേശ്വര്‍ ടുഡുവാണ് ഇക്കാര്യം രാജ്യസഭയെ അറിയിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രിയന്റെ ചോദ്യത്തിനുള്ള മറുപടിയായിരുന്നു മന്ത്രിയുടെ വിശദീകരണം.

ഗംഗാനദിയില്‍ മ!ൃതദേഹങ്ങള്‍ തള്ളിയ സംഭവത്തില്‍ വിവിധ സംസ്ഥാന സര്‍ക്കാരുകളോട് വിശദീകരണം തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ മന്ത്രിയുടെ പ്രതികരണത്തിനെതിരെ കെ.സി.വേണുഗോപാല്‍ എം.പി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.

സര്‍ക്കാര്‍ പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു. ഓക്‌സിജന്‍ ക്ഷാമം മൂലം സംഭവിച്ച മരണങ്ങളുടെ കണക്കിനെപ്പറ്റി ചോദിച്ചപ്പോഴും ഇതേ മറുപടിയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകിനടന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നതാണ്. എത്ര മൃതദേഹങ്ങളെന്ന് സര്‍ക്കാര്‍ പറയണം. വസ്തുതകള്‍ മറച്ചുവെക്കുന്നത് ജനാധിപത്യത്തിന് എതിരാണെന്നും തൃണമൂല്‍ നേതാവ് സുഖേന്ദു ശേഖര്‍ റോയ് പ്രതികരിച്ചു. ഇതിനേക്കാള്‍ നിര്‍വികാരവും നീചവുമായ ഒരു ഉത്തരം ഉണ്ടാകില്ലെന്നായിരുന്നു ആര്‍.ജെ.ഡിയുടെ മനോജ് ഝാ പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം മെയ് ജൂണ്‍ മാസങ്ങളിലായി ബിഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണ് മൃതദേഹങ്ങള്‍ നദിയില്‍ ഒഴുക്കിവിട്ട നിലയില്‍ കണ്ടെത്തിയത്. സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു.

 

Top