ന്യൂഡല്‍ഹി: പഞ്ചാബില്‍ പ്രധാനമന്ത്രിക്ക് നേരെയുണ്ടായ പ്രതിഷേധവും വാഹനം ഫ്‌ളൈ ഓവറില്‍ കുടുങ്ങിയതും പൊലീസും സമരക്കാരും നടത്തിയ ഒത്തുകളിയുടെ ഭാഗമെന്ന് സംശയിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. പൊലീസ് ഇത്തരത്തില്‍ പെരുമാറുന്നത് ഇതുവരെ കണ്ടിട്ടില്ലെന്നും സമീപ കാലത്ത് ഏതെങ്കിലും ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ സംഭവിച്ച ഏറ്റവും വലിയ വീഴ്ചയാണിതെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
പ്രധാനമന്ത്രിയുടെ കൃത്യമായ സഞ്ചാര പാത പഞ്ചാബ് പൊലീസിന് മാത്രമേ അറിയൂ. സാധാരണയായി പ്രധാനമന്ത്രി സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ സ്വീകരിക്കാനും അനുഗമിക്കാനും മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഡിജിപിയും ഉണ്ടാകും.
എന്നാല്‍ ഇന്ന് പഞ്ചാബില്‍ മൂന്ന് പേരും ഉണ്ടായിരുന്നില്ല. ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും വേണ്ടി കരുതിയിരുന്ന കാറുകള്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ വ്യൂഹത്തിന്റെ ഭാഗമായിരുന്നു. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നോ എന്ന് സംശയിക്കുന്നതായും അതുകൊണ്ടാണ് ഇവര്‍ പ്രധാനമന്ത്രിയെ അനുഗമിക്കാതിരുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു.