ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള കോവിഡ് ഇന്‍ഷുറന്‍സ് നിര്‍ത്തലാക്കി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടെ ജീവന്‍ നഷ്ടമാകുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള 50 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പദ്ധതി നിര്‍ത്തലാക്കി കേന്ദ്രസര്‍ക്കാര്‍. കൊവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനത്തില്‍ രാജ്യം വിറങ്ങലിച്ച് നില്‍ക്കുമ്പോഴാണ് കൊവിഡ് ഇന്‍ഷുറന്‍സ് നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മാര്‍ച്ച് 24 വരെ മാത്രമേ കൊവിഡ് ഇന്‍ഷൂറന്‍സ് ലഭ്യമാകൂ.

അതായത്, കഴിഞ്ഞ മാസം 24 വരെ മരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാത്രമേ ഇനി ഇന്‍ഷൂറന്‍സ് ലഭിക്കൂ. ഇവരുടെ ബന്ധുക്കള്‍ക്ക് ഈ മാസം 24 വരെ രേഖകള്‍ ഹാജരാക്കാന്‍ സമയം നല്‍കിയിട്ടുണ്ട്. പിന്നീട് ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷയുണ്ടാകില്ലെന്ന് കാണിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്ത് നല്‍കി.

അതേസമയം, പ്രതിദിന കൊവിഡ് കേസുകള്‍ രാജ്യത്ത് രണ്ടര ലക്ഷം കവിയുകയാണ്. കിടക്കകളും ഐസിയുകളും ഓക്‌സിജന്‍ സിലിണ്ടറുകളും ഇല്ലാതെ രാജ്യം കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ വ്യാപനത്തില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോഴാണ് ഇന്‍ഷൂറന്‍സ് പോലുമില്ലാതെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജോലി ചെയ്യേണ്ടി വരുന്നത്.

 

Top