ന്യൂഡല്‍ഹി: കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ക്കിടയിലെ ഇടവേള 84 ദിവസത്തില്‍ നിന്നും 28 ആക്കി കുറച്ച കേരള ഹൈക്കോടതിയുടെ നടപടിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കും. കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. കൊവിഷില്‍ഡിന്റെ രണ്ട് ഡോസുകള്‍ക്കിടയില്‍ ഇടവേള 84 ദിവസമാക്കി നിശ്ചയിച്ചത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം.
താത്പര്യമുള്ളവര്‍ക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാമെന്നാണ് കോടതി നിര്‍ദേശിച്ചത്. കൊവിന്‍ പോര്‍ട്ടലില്‍ ഇത് അനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വാക്‌സിന് ഇളവ് ബാധകമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.