ന്യൂഡല്‍ഹി: ചരക്കുസേവന നികുതി(ജിഎസ്ടി)ക്കു മുകളില്‍ സെസ് ചുമത്താനൊരുങ്ങി കേന്ദ്രം. രാജ്യം കൊവിഡ് ഭീതിയില്‍ ദിനങ്ങള്‍ തള്ളിനീക്കുമ്പോഴാണ് ജിഎസ്ടിക്കുമുകളില്‍ സെസ് ചുമത്താന്‍ കേന്ദ്രം ശ്രമിക്കുന്നത്. പ്രളയത്തിന്റെ സമയത്ത് കേരളം ജിഎസ്ടിക്കു ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് അത്യാഹിത സെസ് ചുമത്താന്‍ കേന്ദ്രം നീക്കം നടത്തുന്നതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നു.
അഞ്ചു ശതമാനത്തിനു മുകളില്‍ ജിഎസ്ടിയുള്ളവയ്ക്കായിരിക്കും സെസ് ഏര്‍പ്പെടുത്തുകയെന്ന് ധനകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ചില വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ വ്യാവസായിക മേഖലയുള്‍പ്പടെയുള്ളവ പ്രതിസന്ധിയില്‍ ആയിരിക്കവേ ഇത്തരമൊരു നീക്കം പ്രശ്‌നം രൂക്ഷമാക്കുമെന്ന് ചില സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.