ന്യൂഡല്‍ഹി: ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ ആഭ്യന്തര ഉല്‍പ്പാദനം ശക്തിപ്പെടുത്തുന്നതിന്റെ പ്രഥമ ചുവടുവയ്പായി പുതിയ നയം നടപ്പിലാക്കാന്‍ തയാറെടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
ഇലക്ട്രോണിക്‌സ് മാനുഫാക്ച്ചറിംഗ് പോളിസി സംബന്ധിച്ച് ഈ മേഖലയിലെ വിദഗ്ധരുമായും ബന്ധപ്പെട്ടവരുമായും ഈ മാസം അവസാനം സര്‍ക്കാര്‍ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തും.
പുതിയ കരട് രൂപീകരിക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ സ്വീകരിച്ചു തുടങ്ങിയതായി കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി അജയ് കുമാര്‍ പറഞ്ഞു.
പുത്തന്‍ ഇലക്ട്രോണിക്‌സ് നയം എന്ന ആശയം രൂപപ്പെട്ടുകഴിഞ്ഞുവെന്നും, അതില്‍ നിന്ന് മുന്നോട്ടു പോകാനുള്ള ഒരുക്കത്തിലാണിപ്പോള്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയെ ഒരു ഉല്‍പ്പാദന ഹബ്ബാക്കി മാറ്റുകയെന്നു മാത്രമല്ല ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ വന്‍തോതില്‍ കയറ്റുമതി ചെയ്യുന്ന ഇടമെന്ന നിലയില്‍ വളര്‍ത്തിക്കൊണ്ടു വരണമെന്നുള്ള ലക്ഷ്യവും ഇതിനു പിന്നിലുണ്ട്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഫലമായ മൊബൈല്‍, ഓട്ടോമോട്ടീവ്, എല്‍ഇഡി, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ എന്നീ വിഭാഗങ്ങളിലെല്ലാം ശ്രദ്ധേയ സാന്നിധ്യമാകാന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നുവെന്നും, ഈ മേഖലകളിലെല്ലാം എങ്ങനെ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാം എന്നാണ് ഇപ്പോള്‍ നിരീക്ഷിക്കുന്നതെന്നും, മെഡിക്കല്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ നിര്‍മ്മാണമാണ് ഏറെ സാധ്യതയുള്ള മറ്റൊരു വിഭാഗമെന്നും അജയ് കുമാര്‍ ചൂണ്ടിക്കാട്ടി.