സ്വപ്നയുടെ മൊഴി കേട്ട് ഇറങ്ങും മുൻപ്, ബംഗാളിൽ കേന്ദ്ര ഏജൻസിക്കുണ്ടായ ‘അനുഭവവും’ ഓർക്കണം

സ്വർണ്ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുന്ന കടുത്ത നിലപാടിലേക്ക് കേന്ദ്ര ഏജൻസികൾ നീങ്ങുന്നതായി സൂചന. കേസിൽ മുഖ്യമന്ത്രിയുടെ മൊഴിയും രേഖപ്പെടുത്തേണ്ടി വരുമെന്നാണ് കേന്ദ്ര ഏജൻസികളുടെ നിലപാട്. എന്നാൽ, ഇത്തരം എന്ത് കടുത്ത നിലപാടുകളും സംസ്ഥാനത്ത് വലിയ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങൾ എത്തിക്കാനാണ് സാധ്യത. ഒരു കള്ളക്കടത്തു കാരിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിൽ സാഹസത്തിന് കേന്ദ്ര ഏജൻസികൾ മുതിർന്നാൽ രാഷ്ട്രീയപരമായി മാത്രമല്ല പ്രത്യാഘാതമുണ്ടാകുക എന്നാണ് സി.പി.എം കേന്ദ്രങ്ങൾ മുന്നറിയിപ്പു നൽകുന്നത്. വർഷങ്ങൾക്ക് മുൻപ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വിശ്വസ്തനായ കൊൽക്കത്ത പൊലീസ് കമ്മീഷണറെ ചോദ്യം ചെയ്യാൻ വന്ന സി.ബി.ഐ സംഘത്തെ , കൊൽക്കത്ത പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവവും ഈ ഘട്ടത്തിൽ ഓർക്കേണ്ട കാര്യമാണ്. കേന്ദ്ര ഏജൻസികളോട് ഏറ്റുമുട്ടാൻ പിണറായി സർക്കാർ തീരുമാനിച്ചാൽ, കൊൽക്കത്തയിൽ നടന്നത് തിരുവനന്തപുരത്തും നടക്കാനാണ് സാധ്യത.

ഫെഡറൽ സംവിധാനം നിലനിൽക്കുന്നതിനാൽ, കേന്ദ്ര സർക്കാറിനും കേരളത്തിൽ ഇടപെടാൻ പരിമിതികൾ ഏറെയാണ്. സംസ്ഥാന സർക്കാറുകളെ പിരിച്ചു വീടുക എന്നതും എളുപ്പത്തിൽ നടക്കുന്ന കാര്യമല്ല. ഇക്കാര്യത്തിൽ സുപ്രീം കോടതി വിധികളും സംസ്ഥാന സർക്കാറുകൾക്ക് ആത്മവിശ്വാസം നൽകുന്നതാണ്. സ്വപ്ന സുരേഷ് കേന്ദ്രഏജൻസികളുടെയും ബി.ജെ.പിയുടെയും കളിപ്പാവയാണെന്നും, അവരുടെ രാഷ്ട്രീയ അജണ്ടയാണ് ആരോപണങ്ങളും മൊഴികളുമായി പുറത്ത് വരുന്നതെന്നുമാണ് സി. പി.എം. ആരോപിക്കുന്നത്. അതു കൊണ്ട് തന്നെ ഏത് കേന്ദ്ര നീക്കത്തെയും സംഘടനാപരമായി നേരിടാനും ചെമ്പട ഇപ്പോൾ തയ്യാറാണ്.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ അറസ്റ്റിലായ പശ്ചാത്തലവും മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ബിസിനസ് ആവശ്യത്തിനായി ഷാർജ ഭരണാധികാരിയുടെ സഹായം പിണറായി വിജയൻ തേടിയെന്ന സ്വപ്നയുടെ മൊഴിയിലും ഉൾപ്പെടെ മുഖ്യമന്ത്രിയുടെ കുടുംബത്തെ ചോദ്യം ചെയ്യാനാണ് കേന്ദ്ര ഏജൻസികളുടെ നീക്കം. ഷാർജയിൽ ഐടി കമ്പനി തുടങ്ങാൻ സഹായിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചുവെന്നാണ് സ്വപ്നയുടെ വാദം. 2017ൽ ഷാർജ ഭരണാധികാരി നടത്തിയ കേരള സന്ദർശനത്തിനിടെയാണ് സംഭവമെന്നും അവർ മൊഴി നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ അടച്ചിട്ട മുറിയിൽ ചർച്ച നടന്നുവെന്നും മുഖ്യമന്ത്രിക്കും കുടുബത്തിനുമൊപ്പം ഈ ചർച്ചയിൽ ശിവശങ്കറും നളിനി നെറ്റോയും പങ്കെടുത്തുവെന്നും സ്വപ്ന നൽകിയ മൊഴിയിൽ പറയുന്നുണ്ട്. ഷാർജയിലെ ഐടി മന്ത്രിയുമായി മുഖ്യമന്ത്രി സംസാരിച്ചെന്നും എന്നാൽ രാജകുടുംബാംഗത്തിന്റെ എതിർപ്പ് മൂലം ബിസിനസ് സംരംഭം നടന്നില്ലായെന്നുമാണ് സ്വപ്ന അവകാശപ്പെടുന്നത്. കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലും ഇക്കാര്യങ്ങൾ തന്നെയാണ് സ്വപ്ന പരാമർശിച്ചിരിക്കുന്നത്.

ബിരിയാണി പാത്രത്തിലെ സ്വർണ്ണക്കടത്തും കോൺസുൽ ജനറലും മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും സത്യവാങ്മൂലത്തിൽ സ്വപ്ന ആരോപിച്ചിട്ടുണ്ട്. ഈ അടുപ്പത്തിന്റെ ഭാഗമായാണ് കോൺസുൽ ജനറലിന്റെ വീട്ടിൽ നിന്നും മുഖ്യമന്ത്രിയുടെ വസതിയിലേക്ക് വലിയ ബിരിയാണി ചെമ്പുകൾ പോയിരുന്നത് എന്നാണ് മറ്റൊരു വാദം. വലിയ കാറുകളിലായാണ് പാത്രം ക്ലിഫ് ഹൗസിലേക്ക് കൊണ്ടുപോയതെന്നും അവ സുരക്ഷിതമായി അവിടെ എത്തുന്നത് വരെ കോൺസുൽ ജനറൽ അസ്വസ്ഥനായിരുന്നു എന്ന കണ്ടെത്തലും സ്വപ്ന നടത്തിയിട്ടുണ്ട്. എസ്യുവി കാറിലാണ് ക്ലിഫ് ഹൗസിലേക്ക് പാത്രങ്ങളെത്തിയതെന്ന് സ്വപ്ന പറഞ്ഞിട്ടും ഇതുവരെ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റംസ് സി.ബി.ഐ തുടങ്ങിയ ഒരു കേന്ദ്രഏജൻസിക്കും ആ വാഹനമോ ചെമ്പ് കടത്തിയ ആളെയോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതേസമയം, സ്വപ്നയും സംഘവും സ്വപ്ന ലോകത്തിരുന്ന് രചിക്കുന്ന ഇത്തരം തിരക്കഥയ്ക്കു പിന്നാലെയാണ് ശരവേഗത്തിൽ കേരളത്തിലെ മാധ്യമങ്ങൾ ഓടിക്കൊണ്ടിരിക്കുന്നത്. അവർ തന്നെയാണ് ചാനൽ ചർച്ചകളിലൂടെ ഇപ്പോൾ വിധിയും പ്രവചിച്ചു കൊണ്ടിരിക്കുന്നത്. പ്രബുദ്ധ കേരളത്തിന്റെ ഗതികേടാണിത്. അതെന്തായാലും പറയാതെ വയ്യ . . .


EXPRESS KERALA VIEW

Top