ന്യൂഡല്‍ഹി: പുതുവര്‍ഷം സിനിമാ താരങ്ങള്‍ക്ക് പരീക്ഷണ കാലമാവും. കള്ളപ്പണ-ബിനാമി ഇടപാടുകള്‍ അന്വേഷിക്കാന്‍ രംഗത്തിറങ്ങിയ ഇന്‍കംടാക്‌സ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങളുടെ അടുത്ത പ്രധാന ഉന്നം സിനിമാ മേഖലയാണെന്നാണ് അറിയുന്നത്.
കള്ളപ്പണം വന്‍ തോതില്‍ വെളിപ്പിക്കുന്ന മേഖലയെന്ന് പറയപ്പെടുന്ന സിനിമാ മേഖലയില്‍ ഒറ്റപ്പെട്ടതും മറ്റുമായ പല റെയ്ഡുകളും മുന്‍ കാലങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ നടത്തിയിട്ടുണ്ടെങ്കിലും അതുകൊണ്ടൊന്നും ഈ മേഖല ‘ശുദ്ധീകരിക്കപ്പെട്ടിരുന്നില്ല’ എന്ന് ഉദ്ദ്യോഗസ്ഥര്‍ ചൂണ്ടികാട്ടുന്നു.
സിനിമാ താരങ്ങളും നിര്‍മ്മാതാക്കളും പ്രമുഖ സംവിധായകരുമെല്ലാം പുറത്ത് പറയുന്ന കണക്കുകളിലെ ഇടപാടുകളല്ല യഥാര്‍ത്ഥത്തില്‍ നടത്തുന്നത് എന്നതും പരസ്യമായ രഹസ്യമാണ്.
ഇത്തവണ ‘കള്ളക്കളിയുടെ’ അടിവേര് പുറത്തെടുക്കുന്ന തരത്തിലുള്ള കടുത്ത നപടികള്‍ക്കാണ് ഇന്‍കംടാക്‌സ്എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ തുടക്കം കുറിക്കാനൊരുങ്ങുന്നത്.
താരങ്ങളടക്കമുള്ളവര്‍ നിലവില്‍ അടക്കുന്ന നികുതിയുടെ പരിശോധന പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ പുതിയ ‘ ഓപ്പറേഷന് ‘ തുടക്കമാകും.
പല സിനിമാ പ്രവര്‍ത്തകരുടെയും ബിനാമി ഇടപാട് സംബന്ധമായി സുപ്രധാന വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ ഇതിനകം തന്നെ ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. പഴുതകളില്ലാത്ത നടപടി ലക്ഷ്യമിട്ടാണിത്.
മുന്‍ കാലങ്ങളില്‍ താരങ്ങളുടെ ‘പ്രഭാവത്തില്‍’ ‘മയങ്ങി ‘ ചില വിട്ടുവീഴ്ച്ചകള്‍ ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് പല സംസ്ഥാനങ്ങളിലും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തവണ നടപടി കര്‍ക്കശമായിരിക്കുമെന്നാണ് സൂചന.
പുതിയ ടീമുകളെ റെയ്ഡിനായി നിയോഗിക്കും. ഇപ്പോള്‍ വിവര ശേഖരണം നടത്തുന്നതും പ്രത്യേക സംഘമാണ്. ബാളിവുഡ്,കോളിവുഡ് മാത്രമല്ല പ്രമുഖ മലയാളി സൂപ്പര്‍ താരങ്ങളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.
നോട്ട് അസാധുവാക്കല്‍ തീരുമാനം വന്ന ഉടനെ പ്രമുഖ മലയാളി സുപ്പര്‍ താരം അന്‍പത് കോടി രൂപ മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നത് സംബന്ധമായ വാര്‍ത്ത പുറത്ത് വന്നിരുന്നു. വന്‍കിട ബിസിനസ്സുകാരെയും വിദേശത്തെ സുഹൃത്തുക്കളെയും സ്വാധീനിച്ചായിരുന്നു നീക്കം.
ബിനാമികള്‍ വഴിയാണ് പ്രധാനമായും സിനിമാ താരങ്ങള്‍ കളളപ്പണം വെളുപ്പിക്കുന്നത് എന്നാണ് കേന്ദ്ര ഏജന്‍സികളുടെ നിഗമനം.
താരങ്ങള്‍ ‘അണിയറയില്‍’ പങ്കാളികളായ ബിസിനസ്സ് സംബന്ധമായും വിശദമായ റിപ്പോര്‍ട്ടാണ് അന്വേഷണ സംഘം തയ്യാറാക്കി കൊണ്ടിരിക്കുന്നത്.
ഇന്‍കംടാക്‌സ്-എന്‍ഫോഴ്‌സ്‌മെന്റ് ഓപ്പറേഷന് മുന്നോടിയായുള്ള ഈ നീക്കം നായകന്‍മാരെ വില്ലന്‍മാരാക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.