ഉപരോധം ഖത്തറിന്റെ സാമ്പത്തിക അടിത്തറയെ ബാധിച്ചിട്ടില്ലെന്ന് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍

ദോഹ: ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിന് ഏര്‍പ്പെടുത്തിയ ഉപരോധവും തുടര്‍ന്നുണ്ടായ ആഗോള സാമ്പത്തിക മാന്ദ്യവും രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെ ബാധിച്ചിട്ടില്ലെന്ന് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ശൈഖ് അബ്ദുല്ല ബിന്‍ സൗദ് അല്‍താനി.

രാജ്യം ഇനിയും സാമ്പത്തിക പുരോഗതി കൈവരിക്കുമെന്നും, ഏതുതരത്തിലുള്ള സാമ്പത്തിക വെല്ലുവിളികളും നേരിടാന്‍ രാജ്യത്തിന് ശേഷിയുണ്ടെന്നും യൂറോമണി ഖത്തര്‍ സമ്മേളന വിദഗ്ധരുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ആഭ്യന്തര ഉത്പാദന വളര്‍ച്ചയും, വ്യാപാരവും, നീക്കിയിരുപ്പും, വിലക്കയറ്റവുമെല്ലാം സുരക്ഷിതമാണെന്നും, രാജ്യത്തിന്റെ സാമ്പത്തികഭദ്രതയില്‍ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇറക്കുമതി-കയറ്റുമതി പ്രവര്‍ത്തനങ്ങളിലും സ്ഥിരമായ വളര്‍ച്ചയുണ്ട്. വാതക കയറ്റുമതിയും വിതരണവും സുഗമമാണ്.

എണ്ണ വില വര്‍ധനയാണ് സാമ്പത്തികനില ഭദ്രമാക്കിയത്. ഈ വര്‍ഷത്തോടെ വീണ്ടും മികച്ചനില കൈവരിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top