ന്യൂഡല്‍ഹി: അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കുനേരെയുള്ള നടപടികള്‍ വീണ്ടും ശക്തമാക്കി മോദി സര്‍ക്കാര്‍. അഴിമതി ഉള്‍പ്പെടെയുള്ള കേസുകളില്‍ ഉള്‍പ്പെട്ട 22 കേന്ദ്ര നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍. കേന്ദ്ര പരോക്ഷ നികുതി, കസ്റ്റംസ് ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ബന്ധിത വിരമിക്കല്‍. ഇവര്‍ക്കെതിരെ സിബിഐ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.
സൂപ്രണ്ടന്റന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥരോടാണ് ജോലിയില്‍ നിന്ന് വിരമിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നാഗ്പുര്‍, ഭോപാല്‍, ചെന്നൈ, ബെംഗളൂരു, ഡല്‍ഹി, ജെയ്പുര്‍, കൊല്‍ക്കത്ത, മീററ്റ്, മുംബൈ, ചണ്ഡീഗഡ് തുടങ്ങിയ സോണുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ബന്ധിത വിരമിക്കല്‍ നടപ്പിലാക്കുന്നത്.
ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി മോദി അറിയിച്ചിരുന്നു. നികുതി വിഭാഗത്തിലെ ചില ഉദ്യോഗസ്ഥര്‍ തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്യുന്നുണ്ട്. ഇവര്‍ സത്യസന്ധമായി നികുതി അടക്കുന്നവരെ അപമാനിക്കുന്നു. നികുതി അടവില്‍ ചെറിയ തെറ്റുകള്‍ മാത്രം വരുത്തുന്നവരെ കഠിനമായി ദ്രോഹിക്കുന്നു. ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ നടപ്പിലാക്കും. ഇത്തരം പ്രവണതകള്‍ വെച്ചുപൊറുപ്പിക്കില്ല- ഇപ്രകാരമാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പറഞ്ഞത്.