തിരുവനന്തപുരം: പത്തനംതിട്ടജില്ലയിലെ ദുരിതനിവാരണം കൂടുതല്‍ ദുഷ്‌ക്കരമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ സേനാംഗങ്ങളെ ആവശ്യമുണ്ടെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.
അതനുസരിച്ച് എന്‍ഡിആര്‍എഫിന്റെ 40 ടീമുകള്‍, കൂടുതല്‍ ലൈഫ് ജാക്കറ്റുകള്‍, ബോട്ടുകള്‍ എന്നിവ കേന്ദ്രം ഉറപ്പു നല്‍കിയിട്ടുണ്ട്. എന്‍ഡിആര്‍എഫിന്റെ പ്രത്യേക സംഘം സംസ്ഥാനത്ത് എത്തിക്കഴിഞ്ഞു. ഇവരെ വിവിധ സ്ഥലങ്ങളിലേയ്ക്ക് വിന്യസിക്കും. രക്ഷാ പ്രവര്‍ത്തനത്തിനുള്ള ആധുനിക സജ്ജീകരണങ്ങളും ഇവരുടെ പക്കലുണ്ട്.
ആദ്യഘട്ടത്തില്‍ പത്തനംതിട്ടയിലേയ്ക്ക് സേനാംഗങ്ങളെ വിന്യസിപ്പിയ്ക്കും. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമനുസരിച്ചായിരിക്കും പ്രവര്‍ത്തനങ്ങള്‍. വ്യോമസേനയുടെ ഹെലികോപ്റ്റര്‍ രാവിലെ 21 പേരെ പത്തനംതിട്ടയില്‍ നിന്ന് രക്ഷിച്ചിരുന്നു. ആളുകളെ കൊല്ലം വര്‍ക്കലയിലേയ്ക്ക് എത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഗതാഗത സൗകര്യങ്ങള്‍, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ എല്ലാം തകരാറിലായിട്ടുണ്ട്. അവ പരിഹരിക്കാനായി പ്രത്യേകം പരിശീലനം ലഭിച്ച ആളുകള്‍ ഇന്നലെ തന്നെ എത്തിയിരുന്നു. അതിനിടെ, പത്തനംതിട്ടയില്‍ മഴ കനത്തു. കുതിരാനില്‍ ഉരുള്‍പൊട്ടി. കാറിനു മുകളിലേയ്ക്ക് മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു.