സ്വപ്ന സുരേഷിനും കേന്ദ്ര സുരക്ഷ ? കരുനീക്കവുമായി സംഘപരിവാർ …

‘പഴയ സ്വപ്നയല്ല എച്ച്‌ആർഡിഎസിൽ വന്നശേഷമുള്ള സ്വപ്നയെന്ന് ” HRDS ‍വൈസ് പ്രസിഡന്റ് കെജി വേണുഗോപാൽ തന്നെ പറയുമ്പോൾ ഇതിനുപിന്നിലെ രാഷ്ട്രീയ താൽപ്പര്യം കൂടിയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. “ഉന്നതർ കുടുങ്ങുമെന്നും തെളിവുകൾ സ്വപ്ന ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടെന്നും ” അദ്ദേഹം ഒരു സ്വകാര്യ യൂടൂബ് ചാനലിനോടാണ് വ്യക്തമാക്കിയിരിക്കുന്നത്.ഇതോടെ സ്വപ്ന ഉയർത്തിയ വിവാദം പുതിയ വഴിതിരിവിലാണ് എത്തിയിരിക്കുന്നത്. ഇനിയും സ്വപ്നയുടെ വെളിപ്പെടുത്തൽ ഉണ്ടാകുമെന്നാണ് വേണുഗോപാൽ നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

സംഘപരിവാർ സംഘടനകളുടെ, സന്നദ്ധസേവന പ്രവർത്തനങ്ങളുടെ ചുമതലക്കാരനാണ്… ഈ കെ ജി വേണുഗോപാൽ. ഇയാളുമായി നിരന്തരം ബന്ധപ്പെടുന്നയാളാണ്‌ പി സി ജോർജെന്നാണ് സി.പി.എമ്മും ആരോപിച്ചിരിക്കുന്നത്. സ്വപ്‌നയുടെ അഭിഭാഷകനുമായി ബന്ധപ്പെട്ടതും ഗുഢാലോചനയ്ക്കാവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയതും ജോർജാണ്‌ എന്ന് മുൻ മന്ത്രി കെ.ടി ജലീലും തുറന്നടിച്ചിട്ടുണ്ട്. ജലീലിന്റെ പരാതിയിൽ ജോർജിനും സ്വപ്നയ്ക്കും എതിരെ പൊലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ മേൽനോട്ടത്തിൽ, പ്രത്യേക പൊലീസ് സംഘമാണ് ഗൂഢാലോചന കേസ് അന്വേഷിക്കുന്നത്. വിജിലൻസ് പിടിച്ചെടുത്ത സരിത്തിന്റെ ഫോണും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അന്വേഷണം പി.സി ജോർജിനും സംഘപരിവാർ നേതാക്കൾക്കും എതിരെയാണ് പ്രധാനമായും നീങ്ങുന്നത്.

ഇതിനിടെ, പി സി ജോർജിനെ കണ്ടിട്ടുണ്ടെന്നും, അത്‌ എച്ച്‌ആർഡിഎസ്‌ സെക്രട്ടറി അജികൃഷ്ണൻ പറഞ്ഞിട്ടാണെന്നും അവകാശപ്പെട്ട് സ്വപ്ന സുരേഷും രംഗത്തു വന്നിട്ടുണ്ട്. ഇരുവരും തമ്മിൽ ബന്ധപ്പെട്ട തെളിവുകൾ കൈരളി ചാനൽ പുറത്തുവിട്ടതോടെ സ്വപ്നയെ കണ്ട കാര്യം, പി.സി ജോർജും സമ്മതിച്ചിട്ടുണ്ട്.

ഇതിൽ നിന്നെല്ലാം, ആരോപണങ്ങൾക്ക് പിന്നിലെ ഗൂഢാലോചന വ്യക്തമാണെന്നാണ് സി.പി.എം നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ വൻ ഗൂഢാലോചന നടന്നെന്നും ഒരാളെ പോലും വെറുതെ വിടില്ലന്നുമാണ് സർക്കാർ കേന്ദ്രങ്ങളും വ്യക്തമാക്കിയിരിക്കുന്നത്. അന്വേഷണത്തിലൂടെ കൂടുതൽ തെളിവുകൾ കണ്ടെത്താൻ അന്വേഷണ സംഘവും പരക്കം പായുകയാണ്. അതേസമയം, സ്വപ്നയുടെ ആരോപണം ദേശീയ തലത്തിലും, വലിയ മാധ്യമ വാർത്തയായിട്ടുണ്ട്. “ബിരിയാണി ചെമ്പിൽ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സ്വർണ്ണം കടത്തിയെന്ന ” രൂപത്തിലാണ് അവിടെയും വാർത്തകൾ വന്നിരിക്കുന്നത്. സംഘപരിവാർ അനുകൂല മാധ്യമങ്ങൾ തന്നെയാണ് ഈ പ്രചരണത്തിനും ചുക്കാൻ പിടിക്കുന്നത്. “കേന്ദ്ര ഏജൻസികൾ കേരള മുഖ്യമന്ത്രിയെ ചോദ്യം ചെയ്യും” എന്ന അഭ്യൂഹവും ദേശീയ തലത്തിൽ ശക്തമാണ്. അത്തരമൊരു നീക്കം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായാൽ കേരള സർക്കാറും കേന്ദ്ര സർക്കാരും തമ്മിലുള്ള ബന്ധവും ഉലയും. അതിന്റെ പ്രത്യാഘാതമാകട്ടെ ഗുരുതരവും ആയിരിക്കും. ഫെഡറൽ സംവിധാനം നിലനിൽക്കുന്ന രാജ്യത്ത്. ഒരു സംസ്ഥാന ഭരണാധികാരിയെ ചോദ്യം ചെയ്യൽ അത്ര പെട്ടന്ന് നടക്കുന്ന കാര്യമല്ല. മുൻപ് കൊൽക്കത്തയിൽ ഒരു പൊലീസ് കമ്മീഷണറെ ചോദ്യം ചെയ്യാൻ നോക്കിയപ്പോൾ സി.ബി.ഐയെ തൂക്കിയെടുത്താണ് കൊൽക്കത്ത പൊലീസ് കൊണ്ടു പോയിരുന്നത്. ആ ചരിത്രം ഇവിടെയും ആവർത്തിക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയുകയില്ല. മുഖ്യമന്ത്രി പിണറായി ആയതിനാൽ എന്തും സംഭവിക്കാം എന്നതു തന്നെയാണ് സ്ഥിതി.

ആർ.എസ്.എസ് അനുകൂല സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സ്വപ്നയ്ക്ക് പിന്നിൽ ആർ.എസ്.എസും പി.സി ജോർജുമാണെന്ന് ആരോപിക്കുന്ന സി.പി.എം ഈ നീക്കത്തെ ശക്തമായി നേരിടാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.കേന്ദ്ര ഏജൻസികൾ അരിച്ചു പെറുക്കിയിട്ടും ഒന്നും ലഭിക്കാത്ത കേസിൽ കള്ളമൊഴിയാണ് കൊടുപ്പിച്ചിരിക്കുന്നതെന്നാണ് സി.പി.എം വാദം. പ്രതിപക്ഷത്തിന്റെ മുനയൊടിക്കാൻ സി.പി.എം ശ്രമിക്കുന്നതും ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ്. പി.സി ജോർജിനും കെ സുരേന്ദ്രനും എതിരെ കേസെടുത്തതും ജോർജ് ജയിലിലായതും എണ്ണി പറഞ്ഞാണ് ശത്രുതയുടെ ആഴം സി.പി.എം നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

എന്നാൽ, ഇതൊന്നും ഗൗനിക്കാതെ  പ്രധാന പ്രതിപക്ഷമായ കോൺഗ്രസ്സും സ്വപ്നയുടെ ആരോപണം മുൻനിർത്തി പ്രതിഷേധത്തിന് തീ കൊടുത്തിരിക്കുകയാണ്. തെരുവിലിറങ്ങിയാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. ഇതിനുള്ള ‘മറുപടി’ അന്വേഷണം പുരോഗമിക്കുന്നതോടെ വ്യക്തമാകുമെന്നാണ് സർക്കാറും വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, സ്വപ്നയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ അവർക്ക് കേന്ദ്ര സുരക്ഷ നൽകണമെന്ന താൽപ്പര്യമാണ് സംഘ പരിവാറിലെ ഒരു വിഭാഗത്തിനുള്ളത്. പി.സി ജോർജ് വിദ്വേഷ പ്രസംഗം നടത്തിയ സാഹചര്യത്തിൽ അദ്ദേഹത്തിനുള്ള കേന്ദ്ര സുരക്ഷയുടെ കാര്യവും അധികൃതരുടെ പരിഗണനയിലാണ്. സുരക്ഷ വേണമെന്ന സ്വപ്നയുടെ പരാതിയിൽ ഹൈക്കോടതി നിർദ്ദേശം വന്ന ശേഷം ഈ രണ്ടു ആവശ്യത്തിലും ഇടപെടാനാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. നിലവിൽ പരിവാർ പ്രവർത്തകരുടെ സുരക്ഷ സ്വപ്നയ്ക്കുണ്ട്. കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തി സ്വപ്നയ്ക്കും പി.സി ജോർജിനും കേന്ദ്ര സേനയുടെ സുരക്ഷ നൽകിക്കാനാണ് ഇപ്പോൾ ശക്തമായ ഇടപെടൽ നടക്കുന്നത്. ഇതിനായി ഐ.ബി റിപ്പോർട്ടും കേന്ദ്ര അഭ്യന്തര മന്ത്രാലയം തേടുമെന്നാണ് സൂചന. കേരള പൊലീസ് സുരക്ഷ നൽകിയാലും അത് വേണ്ടന്നും കേന്ദ്ര പൊലീസിലാണ് വിശ്വാസമെന്നതുമാണ് ഇവരെ പിന്തുണയ്ക്കുന്നവർ സ്വീകരിച്ചിരിക്കുന്ന നിലപാട്. അത് കേന്ദ്ര നേതാക്കളെയും കേരള നേതാക്കൾ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിലെ തീരുമാനവും അധികം താമസിയാതെ ഉണ്ടാകുമെന്നാണ് സൂചന.

EXPRESS KERALA VIEW

 

Top