ന്യൂഡല്‍ഹി: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനു ചൈനാ യാത്രയ്ക്ക് അനുമതി നിഷേധിച്ചത് രാജ്യ താത്പര്യത്തിനു വിരുദ്ധമായതുകൊണ്ടാണെന്ന് വിദേശകാര്യമന്ത്രാലയം.
ഇതു സംബന്ധിച്ച വിവരാവകാശ ചോദ്യത്തിനു ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നു ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിവരാവകാശ പ്രവര്‍ത്തകനായ ഡി.ബി.ബിനുവാണ് ഇതു സംബന്ധിച്ചു വിദേശകാര്യമന്ത്രാലയത്തോടു ചോദ്യമുന്നയിച്ചത്.
മേല്‍പ്പറഞ്ഞ സമ്മേളനത്തില്‍ മന്ത്രിതലത്തിലുള്ള പങ്കാളിത്തം രാജ്യ താത്പര്യത്തെ സംബന്ധിച്ച് ഉചിതമാണെന്നു തോന്നുന്നില്ലെന്ന ഒറ്റ വാചകത്തില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടി ഒതുക്കി.
ചൈനയിലെ ഷിങ്ഡുവില്‍ നടന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ നയതന്ത്ര പാസ്പോര്‍ട്ടിനുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അപേക്ഷയാണു കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിരസിച്ചത്. യുഎന്നിന്റെ അഭിമുഖ്യത്തിലുള്ള വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ചതായിരുന്നു കോണ്‍ഫറന്‍സ്.
സമ്മേളനത്തിലേക്ക് ഇന്ത്യയില്‍ നിന്ന് ക്ഷണിക്കപ്പെട്ട ഏക മന്ത്രിയും കേരള ടൂറിസം മന്ത്രിയായ കടകംപള്ളി സുരേന്ദ്രനായിരുന്നു. വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ(യുഎന്‍ഡബ്ല്യുടിഒ) സെക്രട്ടറി ജനറല്‍ നേരിട്ടാണ് ക്ഷണിച്ചത്. മന്ത്രിയുമായി ഒറ്റയ്ക്കു കൂടിക്കാഴ്ചയും പ്രതിനിധികളും മന്ത്രിയുമായുള്ള സംവാദവും സമ്മേളന പരിപാടിയില്‍ ഏര്‍പ്പെടുത്തിയിരുന്നു.
മന്ത്രിക്ക് അനുമതി നിഷേധിച്ച കേന്ദ്രതീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും കത്തയച്ചിരുന്നു.