കേന്ദ്രം തിരുത്തണം, യുഎഇയുടെ സഹായം കേരളത്തിന് ആവശ്യം: അല്‍ഫോന്‍സ് കണ്ണന്താനം

alphones kannanthananm

തിരുവനന്തപുരം: കേന്ദ്രം തിരുത്തണമെന്ന് അല്‍ഫോന്‍സ് കണ്ണന്താനം. യുഎഇയുടെ സഹായം കേരളത്തിന് ആവശ്യമാണെന്നും കേന്ദ്ര മന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎഇ യുടെ സഹായം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വിദേശ സഹായത്തില്‍ നയം മാറ്റേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നതെന്നും പ്രളയക്കെടുതിയില്‍ വിദേശ രാജ്യങ്ങളുടെ ധന സഹായം സ്വീകരിക്കില്ലെന്നും 15 കൊല്ലമായുള്ള നയം മാറ്റേണ്ടെന്നുമാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

കേരളത്തിന് 700 കോടിയുടെ ധനസഹായം നല്‍കുമെന്ന് യുഎഇ അറിയിച്ചിരുന്നു. ഈ സഹായമാണ് കേന്ദ്രം വേണ്ടെന്ന് വെച്ചിരിക്കുന്നത്. പ്രളയ ദുരിതത്തിലായ കേരളത്തിന് സഹായ ഹസ്തവുമായി ഒട്ടുമിക്ക വിദേശരാജ്യങ്ങളും രംഗത്തെത്തിയിരുന്നു.

പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ സഹായം വേണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കേരളത്തിന് സഹായം വാഗ്ദാനം ചെയ്തു മുന്നോട്ടു വന്ന ഐക്യരാഷ്ട്രസഭ, റെഡ് ക്രോസ്സ് തുടങ്ങിയ രാജ്യാന്തര സംഘടനകളോടാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. എന്നാല്‍ കേരള സര്‍ക്കാരിന് അയയ്ക്കുന്ന സാധന സാമഗ്രികള്‍ക്ക് ഇളവ് നല്‍കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു.

പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായവുമായി അദാനി ഗ്രൂപ്പും രംഗത്തെത്തിയിട്ടുണ്ട്. പ്രളയ ദുരിതാശ്വാസത്തിനായി അദാനി ഗ്രൂപ്പ് 50 കോടി രൂപയാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് അദാനി ഗ്രൂപ്പ് തുക കൈമാറുന്നത്.

കേരളത്തിന് കൈത്താങ്ങായി നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് 5 കോടി രൂപ നല്‍കുമെന്ന് ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അറിയിച്ചിരുന്നു. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസും മറ്റ് അഭിഭാഷകരും കേരളത്തിന് സഹായം നല്‍കുമെന്ന് അറിയിച്ചിരുന്നു.

അയല്‍ സംസ്ഥാനങ്ങളും അന്യഭാഷാ സിനിമാ പ്രവര്‍ത്തകരും മലയാളി താരങ്ങളുമുള്‍പ്പെടെ നിരവധി പേരാണ് കേരളത്തിന് സഹായവുമായി എത്തിയത്. 600 കോടി രൂപയാണ് ഇത് വരെ കേന്ദ്രത്തില്‍ നിന്നും കേരളത്തിന് ലഭിച്ച ധനസഹായം. തെലങ്കാന 25 കോടി, മഹാരാഷ്ട്ര 20 കോടി, പഞ്ചാബ് 10 കോടി, ഡല്‍ഹി 10 കോടി, കര്‍ണാടക 10 കോടി, ബീഹാര്‍ 10 കോടി, തമിഴ്‌നാട് 10 കോടി, ഗുജറാത്ത് 10 കോടി, ഹരിയാന 10 കോടി, ആന്ധ്ര 5 കോടി, ഒഡീഷാ 5 കോടി, ജാര്‍ഖണ്ഡ് 5 കോടി എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിന് ലഭിച്ച സഹായങ്ങള്‍.

Top