ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഐടി നിയമത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ (ഡിജിറ്റല്‍ മീഡിയ) ഉള്‍പ്പെടെ നടപ്പാക്കേണ്ട കോഡ് ഓഫ് എത്തിക്സിലെ സ്വയം നിയന്ത്രണ ബോഡി രൂപീകരണത്തില്‍, കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ ഇന്ത്യയുടെ (കോം ഇന്ത്യ) ഗ്രീവന്‍സ് കൗണ്‍സിലിനു കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു.
കോം ഇന്ത്യയുടെ കീഴില്‍ രൂപീകരിച്ച ഇന്ത്യന്‍ ഡിജിറ്റല്‍ പബ്ലിഷേഴ്സ് കണ്ടന്റ് ഗ്രീവന്‍സ് കൗണ്‍സിലിനാണ് ( ഐഡിപിസിജിസി) കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രായലം അനുമതി നല്‍കിയിരിക്കുന്നത്. ഇന്ത്യയിലെ മൂന്നാമത്തേതും കേരളത്തിലെ ആദ്യത്തേതുമായ അംഗീകാരം കിട്ടുന്ന സമിതിയാണിത്.
പ്രമുഖ ചരിത്രകാരനും മുന്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലറുമായ ഡോ. കെ കെ എന്‍ കുറുപ്പ് അദ്ധ്യക്ഷനായ കോം ഇന്ത്യ ഗ്രീവന്‍സ് കൗണ്‍സിലിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.
അദ്ദേഹത്തിന് പുറമെ, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറും പ്രമുഖ സാഹിത്യകാരനുമായ ഡോ. ജോര്‍ജ് ഓണക്കൂര്‍, മുന്‍ ഹയര്‍സെക്കന്ററി ഡയറക്ടറും കേരളാ യൂണിവേഴ്സിറ്റി കണ്‍ട്രോളറുമായിരുന്ന ജയിംസ് ജോസഫ്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ആര്‍ ഗോപീകൃഷ്ണന്‍, കോം ഇന്ത്യ പ്രസിഡന്റ് വിന്‍സെന്റ് നെല്ലിക്കുന്നേല്‍, സെക്രട്ടറി അബ്ദുള്‍ മുജീബ്, ട്രഷറര്‍ കെകെ ശ്രീജിത്ത് എന്നിവരും സമിതി അംഗങ്ങളാണ്.
കേരളത്തിലെ മുഖ്യധാര പത്രങ്ങളുടെയും ചാനലുകളുടെയും ഓണ്‍ലൈനുകള്‍ ഉള്‍പ്പെടുന്ന സമിതിക്ക് അംഗീകാരം ഇനിയും വൈകുമ്പോഴാണ്, കേരളത്തിലെ ആധികാരിക ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ മാനേജ്‌മെന്റ് കൂട്ടായ്മയായ കോം ഇന്ത്യ ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്.
പുതിയ നിയമത്തിന്റെ ഭാഗമായുള്ള അംഗീകാരത്തിനായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച മുഴുവന്‍ മാനദണ്ഡങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ കോം ഇന്ത്യക്ക് കഴിഞ്ഞതും, വേഗത്തിലുള്ള ഈ നേട്ടത്തിന് സഹായകരമായിട്ടുണ്ട്.
കോമിന്റെ കൂടാതെ വെബ് ജേര്‍ണലിസ്റ്റ് സ്റ്റാന്റാര്‍ഡ്‌സ് അതോറിറ്റി ( WJAI ), പ്രൊഫഷണല്‍ ന്യൂസ് ബ്രോഡ് കാസ്റ്റിങ് സ്റ്റാന്റാര്‍ഡ്‌സ് അതോറിറ്റി (NBF) എന്നീ സമിതികള്‍ക്കാണ് കഴിഞ്ഞ 2 മാസങ്ങളിലായി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുള്ളത്.
കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ആരംഭിച്ച നടപടി ക്രമങ്ങള്‍ക്കും വിശദമായ പരിശോധനകള്‍ക്കും ശേഷമാണ് ഈ അംഗീകാരം. സംഘടനയില്‍ അംഗങ്ങളാകുന്ന ഓരോ മാധ്യമ സ്ഥാപനങ്ങളും, അവര്‍ ഉള്‍പ്പെടുന്ന സംഘടനയും വിശദമായ പരിശോധനകള്‍ക്ക് വിധേയമായതിനു ശേഷം മാത്രമാണ് പരിഗണിക്കപ്പെട്ടിരിക്കുന്നത്.
കോം ഇന്ത്യയ്ക്ക് ഇത്തരമൊരു അംഗീകാരം ലഭിച്ചതോടെ, കോം ഇന്ത്യാ അംഗങ്ങളായ എക്‌സ്പ്രസ്സ് കേരള ഉള്‍പ്പെടെയുള്ള 24 ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും, തത്വത്തില്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. ഇതോടെ, ഇനി കോം ഇന്ത്യയില്‍ പുതിയതായി അംഗങ്ങളാകുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും, സമിതിയുടെ അംഗീകാരം ഉറപ്പാകും.
പുതിയ ഐടി നയത്തിന്റെയും പ്രസ് ആന്‍ഡ് പീരിയോഡിക്കല്‍സ് ആക്റ്റിന്റെയും ഭാഗമായി എല്ലാ ഓണ്‍ലൈന്‍ മാധ്യമങ്ങളും സ്വയം നിയന്ത്രിത സംവീധാനങ്ങളും പരാതി പരിഹാര സെല്ലുകളും രൂപീകരിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നായിരുന്നു ഈ തീരുമാനം
ഇതുപ്രകാരം കോം ഇന്ത്യയുടെ കീഴിലെ സെല്‍ഫ് റെഗുലേറ്റിങ് ബോഡിയാകും ഇനി, സംഘടനയില്‍ ഉള്‍പ്പെട്ട മാധ്യമങ്ങളുടെ സ്വയം നിയന്ത്രണ സംവീധാനമായി പ്രവര്‍ത്തിക്കുക.
നിലവില്‍ 24 ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് കോം ഇന്ത്യയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. കോം ഇന്ത്യയ്ക്ക് സര്‍ക്കാര്‍ അംഗീകാരമായതോടെ, ഈ ഡിജിറ്റല്‍ മാധ്യമങ്ങളിലെ ഉള്ളടക്കവും വാര്‍ത്തകളും ഈ വിദഗ്ദ സമിതിയുടെ പരിശോധനയ്ക്ക് വിധേയമാകും.
നിലവിലുള്ളതും ഇനി പുതുതായി ആരംഭിക്കുന്നതുമായ എല്ലാ ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇനി കോം ഇന്ത്യ പോലുള്ള ഏതെങ്കിലും ഒരു സ്വയം നിയന്ത്രണ സമിതിയില്‍ അംഗമാകേണ്ടത് നിര്‍ബന്ധമാണ്.
പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിയമങ്ങളും ഡിജിറ്റല്‍ മീഡിയയ്ക്ക് ബാധകമാണ്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ പ്രസ് ആന്‍ഡ് പീരിയോഡിക്കല്‍സ് ആക്ട് -2019 ഉം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് ബാധകാമാകുന്ന വിധമാണ് നടപ്പിലാക്കാന്‍ പോകുന്നത് .
കേരളത്തിലെ ഏക അംഗീകാരമുള്ള ഡിജിറ്റല്‍ മീഡിയാ സംഘടനയായി ഇതോടെ കോം ഇന്ത്യ മാറിയിരിക്കുകയാണ്. ഗൗരവമായി മാധ്യമ പ്രവര്‍ത്തനത്തെ കാണുന്ന, മാധ്യമങ്ങള്‍ക്ക് മാത്രമാണ് കോം ഇന്ത്യ അംഗത്വം നല്‍കി വരുന്നത്.