ന്യൂഡല്‍ഹി: ടിപി. സെന്‍കുമാറിന്റെ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുള്ള നിയമനം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു.
കേസുകള്‍ തീര്‍ന്ന ശേഷം നിയമനം പരിശോധിക്കാം. ഇപ്പോഴത്തേക്ക് വി. സോമസുന്ദരത്തെ മാത്രം നിയമിച്ചാല്‍ മതിയെന്നും കേന്ദ്രം അറിയിച്ചു.
നിയമപോരാട്ടത്തിലൂടെ സംസ്ഥാന പൊലീസ് മേധാവി പദവിയിലെത്തിയ ടി.പി.സെന്‍കുമാര്‍ കെഎടി അംഗമായി തെരഞ്ഞെടുക്കപ്പെടുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ട്രൈബ്യൂണലിലെ ഒഴിവിലേക്കു സെലക്ഷന്‍ കമ്മിറ്റി നിര്‍ദേശിച്ചവരുടെ പട്ടിക കേന്ദ്രത്തിന് കൈമാറുമ്പോള്‍, അതിനൊപ്പം സെന്‍കുമാറിനെതിരെ പ്രത്യേക കുറിപ്പും സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരുന്നു.
ട്രൈബ്യൂണലിലെ രണ്ടംഗങ്ങളുടെ ഒഴിവില്‍ മൂന്നുപേരുകളാണു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി പരിഗണിച്ചത്. ഇതില്‍ സെന്‍കുമാറിനെയും മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി വി.സോമസുന്ദരത്തെയും നിയമിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
എന്നാല്‍ സര്‍ക്കാര്‍ ഇതില്‍ നടപടിയെടുക്കാതെ മാസങ്ങളോളം നീട്ടിക്കൊണ്ടുപോയി. തുടര്‍ന്നു ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം മന്ത്രിസഭ വിഷയം പരിഗണിച്ചു. സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കേണ്ടതില്ലെന്നും പുതിയ തെരഞ്ഞെടുപ്പു നടത്താന്‍ ഗവര്‍ണറോട് ആവശ്യപ്പെടാനുമായിരുന്നു തീരുമാനം.
എന്നാല്‍, ഫയല്‍ പരിശോധിച്ച ഗവര്‍ണര്‍ പി.സദാശിവം, സെലക്ഷന്‍ കമ്മിറ്റി തീരുമാനം പുനഃപരിശോധിക്കാന്‍ സര്‍ക്കാരിനോ ഗവര്‍ണര്‍ക്കോ സെലക്ഷന്‍ കമ്മിറ്റിക്കോ അധികാരമില്ലെന്നു സര്‍ക്കാരിനു മറുപടി നല്‍കി.
സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും അഭിപ്രായംകൂടി പരിഗണിച്ച് അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം സുപ്രീം കോടതി ചീഫ് ജസ്റ്റിസിനാണെന്നും വ്യക്തമാക്കി. അതിനാല്‍ സെലക്ഷന്‍ കമ്മിറ്റി ശുപാര്‍ശ കേന്ദ്രത്തിനു കൈമാറാനായിരുന്നു നിര്‍ദേശം.