ബജറ്റ് അവതരണത്തിന് തയ്യാറെടുത്ത് കേന്ദ്രസർക്കാർ

nirmala-sitharaman

ന്യൂഡൽഹി: കോവിഡ് സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഫെബ്രുവരി 1നു നടക്കുന്ന ബജറ്റ് അവതരണത്തിന് തയ്യാറെടുത്ത് കേന്ദ്രസർക്കാർ. ഇത്തവണത്തെ ബജറ്റിനു മുന്നോടിയായി 15 മീറ്റിങ്ങുകൾ ആണ് കേന്ദ്രസർക്കാർ പൂർത്തിയാക്കിയിരിക്കുന്നത്. ഡിസംബർ 14 മുതൽ 23 വരെ ആയിരുന്നു വിവിധ ഓഹരി ഉടമകളുമായി ചര്‍ച്ചകൾ നടത്തിയിരുന്നത്. പൊതുജനങ്ങളിൽ നിന്നും ധനമന്ത്രാലയം നിർദേശങ്ങൾ സ്വീകരിച്ചിരുന്നു.

ആരോഗ്യം, സാമ്പത്തികം, വ്യവസായം, തൊഴില്‍ അടക്കം എല്ലാ മേഖലയിലും പ്രതികൂലമായതും രാജ്യത്തെ ജിഡിപി ആറു വർഷത്തെ താഴ്ന്ന നിരക്കിലേക്ക് എത്തിയതുമായ സാഹചര്യത്തിൽ ഇത്തവണത്തെ ബജറ്റവതരണം കേന്ദ്രസര്‍ക്കാറിനു വെല്ലുവിളിയാകും. രാജ്യത്ത് ഡിമാൻഡ് ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഉപഭോഗം വർദ്ധിപ്പിക്കുന്നതിൻറെ ഭാഗമായി ബഡ്ജറ്റിൽ കൂടുതൽ നടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന.

വിവിധ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചേക്കുമെന്നും മദ്ധ്യ വർഗക്കാർക്കു സഹായകരമാകുന്ന രീതിയിൽ ആദായ നികുതി പരിധി ഉയര്‍ത്തിയേക്കുമെന്നതാണ് ബജറ്റ് പ്രതീക്ഷ. ഏറെ നാളായി രാജ്യത്തെ മദ്ധ്യവര്‍ഗക്കാര്‍ കാത്തിരിയ്ക്കുന്ന ഒരു പ്രഖ്യാപനമാണിത്. നിലവിൽ 2.50 ലക്ഷം രൂപയ്ക്ക് മുകളിൽ വാര്‍ഷിക വരുമാനമുള്ളവരാണ് ആദായ നികുതി റിട്ടേൺ നൽകേണ്ടത്. ഈ പരിധി ഉയര്‍ത്തിയേക്കും. അതുപോലെ ഡിസ്ട്രിബ്യൂഷൻ ടാക്സ് പൂർണമായി ഒഴിവാക്കുമെന്നും സൂചനകളുണ്ട്.

നിലവിൽ 20 ലക്ഷം രൂപയ്ക്ക് മുകളിൽ വാർഷിക വരുമാനമുള്ളവർ 30 ശതമാനം നികുതി ആണ് ഇപ്പോൾ നൽകുന്നത് . ഇത് 25 ശതമാനമായി കുറയ്ക്കുമെന്നാണ് സൂചന. കഴിഞ്ഞവർഷം അഫോര്‍ഡബ്ൾ ഹൗസിങ് മേഖലയിൽ ഒട്ടേറെ പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നു. 45 ലക്ഷം രൂപയിൽ താഴെ വിലയിൽ നിർമ്മിച്ച വീടുകൾക്ക് 1.5 ലക്ഷം രൂപയുടെ നികുതിയിളവ് നൽകിയിരുന്നു. നികുതി ഇളവിനായുള്ള ഈ പരിധി ഉയർത്തിയേക്കും

Top