ചൈനയുടെ 12,000 കോടി വിദേശ നിക്ഷേപത്തിന് അനുമതി നല്‍കാതെ കേന്ദ്രം

ന്യൂഡല്‍ഹി: ചൈനീസ് നിക്ഷേപത്തിന് കേന്ദ്രാനുമതി ലഭിക്കാതെ പാടി വഴിയില്‍. സ്റ്റാര്‍ട്ടപ്പ് കമ്പനികളിലേക്ക് ഉള്‍പ്പെടെയുള്ള 12,000 കോടിയോളം രൂപയുടെ ചൈനീസ് വിദേശനിക്ഷേപത്തിനാണ് കേന്ദ്രാനുമതി ലഭിക്കാതെ പാതിവഴിയില്‍ എത്തിനില്‍ക്കുന്നത്. ടെലികോമും ഇലക്ട്രോണിക്‌സും മുതല്‍ സാമ്പത്തിക മേഖലയിലേക്കു വരെയുള്ള ചൈനീസ് നിക്ഷേപമാണ് മുടങ്ങിയിരിക്കുന്നത്. പേടിഎം, സൊമാറ്റോ, ഉഡാന്‍ തുടങ്ങിയ ചൈനീസ് നിക്ഷേപമുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ പരിശോധന സര്‍ക്കാര്‍ ശക്തമാക്കുകയും ചെയ്തു.

അതിര്‍ത്തിയില്‍ ചൈനയുമായി നിലനില്‍ക്കുന്ന സംഘര്‍ഷമാണ് ചൈനയുള്‍പ്പെടെ മറ്റൊരു അയല്‍രാജ്യങ്ങളില്‍ നിന്നുമുള്ള വിദേശനിക്ഷേപം തല്‍ക്കാലം സ്വീകരിക്കേണ്ടെന്ന് തീരുമാനിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. കടുത്ത നിയന്ത്രണങ്ങളോടെ, മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലും തല്‍ക്കാലം നിക്ഷേപങ്ങള്‍ വേണ്ട എന്ന അഭിപ്രായത്തിലാണ് സര്‍ക്കാര്‍.

വരും മാസങ്ങളില്‍ അതിര്‍ത്തിയിലെ സ്ഥിതി അനുസരിച്ചാകും ഇക്കാര്യത്തില്‍ ഇനി തീരുമാനമെടുക്കുക. എന്നാല്‍ കമ്പനികളിലേക്ക് പുതിയ നിക്ഷേപങ്ങള്‍ ഒന്നും തന്നെയില്ലെന്നും നിലവിലുള്ള നിക്ഷേപങ്ങളുടെ വര്‍ധനവ് മാത്രമാണ് ഈ 12,000 കോടിയെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ പ്രതികരണം. കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ കോവിഡ് പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നുള്ള വിദേശനിക്ഷേപങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതായും അവര്‍ വ്യക്തമാക്കുന്നു.

അതേസമയം, ഇന്ത്യയുടെ നിലപാടിനെതിരെ ലോക വ്യാപാര സംഘടനയെ (ഡബ്ല്യുടിഒ) വരെ സമീപിച്ചിരിക്കുകയാണ് ചൈന. നിരവധി ചൈനീസ് മൊബൈല്‍ ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചതും ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ കസ്റ്റംസ് പരിശോധന കര്‍ശനമാക്കിയതിലും ചൈന നേരത്തെ തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

Top