ന്യൂഡല്‍ഹി: അഴിമതിക്കാരെ ശിക്ഷിക്കാനും ഉദ്യോഗസ്ഥരെ രക്ഷിക്കാനും സോഫ്റ്റ് വെയറുമായി കേന്ദ്രസര്‍ക്കാര്‍.
കഴിഞ്ഞ ദിവസം ഇതിനുള്ള ഓണ്‍ലൈന്‍ സോഫ്റ്റ് വെയര്‍ ഏര്‍പ്പെടുത്തി. ഇത് എല്ലാത്തരം വകുപ്പുതല നടപടികളും ഒണ്‍ലൈനായി റിക്കോര്‍ഡ് ചെയ്യുകയും ഏകോപനത്തിനു ക്ലൗഡ് സാങ്കേതികവിദ്യ ഉപയോഗിക്കുകയും ചെയ്യും.
വകുപ്പുതല അന്വേഷണം നടത്തുന്ന ഭരണ മന്ത്രാലയം, കുറ്റക്കാരനായ ഉദ്യോഗസ്ഥന്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ തുടങ്ങിയ വിഭാഗങ്ങളുമായുള്ള ഏകോപനം ഇതിലൂടെ സാധ്യമാകും.
വകുപ്പുതല നടപടികള്‍ പുതിയ സംവിധാനത്തിലൂടെ വേഗത്തിലാകുമെന്നും അതിലൂടെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടാനാകുമെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.
കൂടാതെ സത്യസന്ധരായ ഉദ്യോഗസ്ഥരെ രക്ഷപ്പടുത്താനും അനാവശ്യ പീഡനങ്ങളില്‍ നിന്ന് അവരെ ഒഴിവാക്കാനുമാകും. കേന്ദ്രത്തില്‍ നിയമിതരായ ഐഎഎസ് ഉദ്യോഗസ്ഥരെ നിരീക്ഷിക്കുന്നതിനാകും പോര്‍ട്ടല്‍ ആദ്യം ഉപയോഗിക്കുക. തുടര്‍ന്ന് ഇതില്‍ എല്ലാ ഓള്‍ ഇന്ത്യ സര്‍വീസസ് ഉദ്യോഗസ്ഥരും ഗ്രൂപ്പ് എ, കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നിരീക്ഷണവലയില്‍പ്പെടും.