ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരിനെ ‘ലിഞ്ച് പൂജാരി’ എന്ന് വിശേഷിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നോതാവ് കപില്‍ സിബല്‍ രംഗത്ത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ‘ബെയ്ല്‍ ഗാഡി’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹസിച്ചതിന് പിന്നാലെയാണ് കപില്‍ സിബല്‍ ഇത്തരത്തിലൊരു പ്രതികരണം നടത്തി രംഗത്തെത്തിയത്.
ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ട കൊലപാതക കേസിലെ പ്രതികള്‍ക്ക് സ്വീകരണം നല്‍കിയ ചടങ്ങില്‍ കേന്ദമന്ത്രി ജയന്ത് സിന്‍ഹ പങ്കെടുത്തതിന്റെ അടിസ്ഥാനത്തിലാണ് കപില്‍ സിബല്‍ ബിജെപി സര്‍ക്കാരിനെ ലിഞ്ച് പൂജാരി എന്ന് പരിഹസിച്ചത്.
രാംഗഢ് ആള്‍ക്കൂട്ട കൊലപാതക കേസില്‍ പ്രതികളായ എട്ടുപേര്‍ക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രതികള്‍ക്ക് പ്രാദേശിക ബി ജെ പി നേതൃത്വം സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ ജയന്ത് സിന്‍ഹ ഹാരമണിയിക്കുകയും മധുരം വിതരണം നടത്തുകയും ചെയ്തിരുന്നു. ജയന്തിന്റെ ഈ നടപടിക്കെതിരെ പിതാവും മുന്‍ ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹയും രംഗത്തെത്തിയിരുന്നു.