കോട്ടയിലെ ശിശുമരണനിരക്ക്‌; സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാ

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ശിശുമരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍. അമ്മമാരുടെ കണ്ണീര്‍ സര്‍ക്കാര്‍ കാണണമെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു.

ബിജെപി സര്‍ക്കാരിന്റെ കാലത്തെക്കാള്‍ ശിശുമരണനിരക്ക് കുറഞ്ഞെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് തിരിച്ചടിച്ചു. മുപ്പത്തിമൂന്ന് ദിവസത്തിനിടെ 105 ശിശുമരണങ്ങളാണ് രാജസ്ഥാനിലെ കോട്ടയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കോട്ടയിലെ ജെ.കെ.ലോണ്‍ ആശുപത്രിയിലാണ് ഒരു മാസത്തിനിടെ ഇത്രയും ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജസ്ഥാന്‍ സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയാണിത്.

ശിശുമരണം കോണ്‍ഗ്രസിനെതിരെ ദേശീയതലത്തിലും പ്രചാരണമാക്കുകയാണ് ബിജെപി. കുട്ടികളുടെ മരണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് അശോക് ഗെലോട്ട് സര്‍ക്കാരിന് ഒഴിഞ്ഞു മാറാനാകില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി കുറ്റപ്പെടുത്തി.

ഡിസംബര്‍ 30ന് നാല് കുട്ടികളും 31ന് അഞ്ച് കുട്ടികളുമാണ് മരിച്ചത്. 2014-ല്‍ 11,98 കുട്ടികള്‍ മരിച്ചിട്ടുണ്ടെന്നും ഇത് താരതമ്യം ചെയ്യുമ്പോള്‍ 2019-ല്‍ ശിശുമരണ നിരക്ക് കുറഞ്ഞിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

Top