ന്യൂഡല്‍ഹി: ഓരോ ദിവസവും എണ്ണവില വര്‍ധിക്കുന്ന സാഹചര്യത്തില്‍ വര്‍ധനവ് നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ സൗദി അറേബ്യയോട് ആവശ്യപ്പെട്ടു. എണ്ണവിലയില്‍ ഓരോ ദിവസവും വര്‍ധനവ് ഉണ്ടാകുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതായും അദ്ദേഹം സൗദി അറേബ്യയുടെ വ്യവസായ വകുപ്പ് മന്ത്രിയോട് വ്യക്തമാക്കി. ടെലിഫോണ്‍ സംഭാഷണത്തിലാണ് ഇന്ത്യ നേരിടുന്ന ഈ പ്രതിസന്ധി സൗദിയെ അറിയിച്ചത്.
പെട്രോള്‍ വില ബാരലിന് 80 ഡോളറിനോട് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ധര്‍മേന്ദ്ര പ്രധാന്‍ സൗദി അറേബ്യന്‍ വ്യവസായ വകുപ്പ് മന്ത്രി ഖാലിദ് അല്‍ ഫലിയുമായി ഫോണില്‍ ബന്ധപ്പെട്ടത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം സംബന്ധിച്ചും എണ്ണ വിപണിയുടെ നിലവിലെ സാഹചര്യം സംബന്ധിച്ചും ചര്‍ച്ച ചെയ്‌തെന്ന് ഔദ്യോഗിക വക്താവ് പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.