ന്യൂഡൽഹി : പരമ്പരാഗത തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള വിശ്വകർമ യോജന പദ്ധതിക്കും നഗരങ്ങളിലേക്ക് ഇ–ബസുകൾ വ്യാപിപ്പിക്കുന്ന പദ്ധതിക്കും അംഗീകാരം നൽകി കേന്ദ്രസർക്കാർ. വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി അധ്യക്ഷനായ സാമ്പത്തികകാര്യ കാബിനറ്റ് കമ്മിറ്റി (സിസിഇഎ)യാണ് അംഗീകാരം നൽകിയത്.
സ്വാതന്ത്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതാണ് പരമ്പരാഗത തൊഴിലാളികളുടെ പുരോഗമനം ലക്ഷ്യമിട്ടുള്ള വിശ്വകർമ യോജന (വിശ്വകർമ കൗശൽ സമ്മാൻ യോജന) പദ്ധതി. അടുത്ത അഞ്ചുവർഷത്തേക്ക് പദ്ധതിയുടെ ഭാഗമായി 13,000 കോടിരൂപയാണ് പരമ്പരാഗത തൊഴിൽമേഖലയിൽ കേന്ദ്രസർക്കാർ വിനിയോഗിക്കുക. ഈ പദ്ധതിയിലൂടെ രാജ്യത്തെ 30 ലക്ഷം പരമ്പരാഗത തൊഴിലാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും പ്രയോജനം ലഭിക്കും. തൊഴിൽ നൈപുണ്യം വളർത്തുന്നതിനായി അഞ്ചുശതമാനം പലിശയ്‌ക്ക് വായ്‌പയുൾപ്പെടെ പദ്ധതിയിൽ ലഭിക്കും. പദ്ധതിയുടെ പ്രാരംഭഘട്ടത്തിൽ 18 പരമ്പരാഗത തൊഴിലിലുള്ളവർക്ക് പ്രയോജനം ലഭിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് വ്യക്തമാക്കി.
രാജ്യത്തെ പരമ്പരാഗത മേഖലയിൽ ഉള്ളവരാകും പദ്ധതിയുടെ ഗുണഭോക്താക്കൾ. കരകൗശലക്കാർ, ശിൽപ്പികൾ, മരപ്പണിക്കാർ, സ്വർണപ്പണിക്കാർ, ഇരുമ്പ്പണിക്കാർ, കൊല്ലപ്പണിക്കാർ, ശിൽപികൾ, ചെരുപ്പ്കുത്തികൾ തുടങ്ങി പരമ്പരാഗത മേഖലയിലുള്ളരെയാണ് പദ്ധതിക്കായി പരിഗണിക്കുക. ഇവർക്ക് സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ കാർഡും ലഭ്യമാക്കും. തുടർന്ന് വായ്‌പാ സൗകര്യം ലഭ്യമാക്കും. ആദ്യഘട്ടമായി ഒരുലക്ഷവും രണ്ടാംഘട്ടത്തിൽ രണ്ടുലക്ഷം രൂപയുമാണ് 5 ശതമാനം പലിശയ്‌ക്ക് ലഭ്യമാകുക. ഇവർ മികച്ച തൊഴിൽ പ്രാവീണ്യവും വൈദഗ്ധ്യവും നേടി തൊഴിൽമേഖല വിപുലീകരിച്ച് പുരോഗതി കൈവരിക്കുകയാണ് പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാർ ലക്ഷ്യമിടുന്നത്. 13,000 കോടി രൂപയുടെ പദ്ധതിയാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. 13,000 മുതൽ 15,000 കോടി രൂപവരെ പദ്ധതിക്കായി കേന്ദ്രസർക്കാർ നീക്കിവയ്ക്കും. സെപ്‌റ്റംബർ 17ന് വിശ്വകർമ ജയന്തി ദിനത്തിൽ പദ്ധതി ആരംഭിക്കും.
നഗരങ്ങളിലേക്ക് 10,000 ഇ–ബസുകളുമായി പിഎം ഇ–ബസ് സേവ
രാജ്യത്തെ നഗരങ്ങളിൽ ഇലക്ട്രിക് ബസുകൾ വ്യാപിപ്പിക്കുന്ന പിഎം ഇ–ബസ് സേവ പദ്ധതി നടപ്പാക്കാനും സിസിഇഎ കമ്മിറ്റി അംഗീകാരം നൽകി. പിഎം ഇ–ബസ് സേവ പദ്ധതിയിൽ രാജ്യത്ത് പുതിയതായി 10,000 ഇലക്ട്രിക് ബസുകൾ സർവീസ് നടത്തും. പൊതു – സ്വകാര്യ പങ്കാളിത്തതോടെയാകും പദ്ധതിയെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. തിരഞ്ഞെടുത്ത 169 നഗരങ്ങളിലാകും ഇ–ബസ് സർവീസ്. മൂന്നുലക്ഷം ആളുകൾ വസിക്കുന്നതും ആസൂത്രിത ബസ് സർവീസ് ഇല്ലാത്ത നഗരങ്ങളേയുമാകും പദ്ധതിക്കായി പരിഗണിക്കുക.
10 വർഷത്തേക്ക് ബസ് സേവനവും സർക്കാർ ഉറപ്പാക്കും. ഈ പദ്ധതിക്കായി 57,613 കോടി രൂപയുടെ ചെലവാണ് കണക്കാക്കിയിട്ടുള്ളത്. ഇതിൽ 20,000 കോടിയുടെ സഹായം കേന്ദ്ര സർക്കാർ ലഭ്യമാക്കും. ഇതിനു പുറമെ 181 നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ ഗ്രീൻ അർബൻ മൊബിലിറ്റി ഇൻഷ്യേറ്റീവിന്റെ ഭാഗമായി വികസിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇ–ബസ് സേവ പദ്ധതിയിലൂടെ 45,000 മുതൽ 55,000 വരെ തൊഴിൽ ഉറപ്പാക്കാനാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. സംസ്ഥാന സർക്കാരുകൾക്കാകും ബസ് സർവീസിന്റെ ഉത്തരവാദിത്വം.