ന്യൂഡല്‍ഹി: തീരദേശ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഇളവ് അനുവദിച്ചു കൊണ്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തില്‍ വിശദീകരണം തേടി ദേശീയ ഹരിത ട്രൈബ്യൂണല്‍ നോട്ടീസ് അയച്ചു. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
തീരദേശ നിര്‍മാണം 200 മീറ്റര്‍ പരിധി എന്നത് 50 മീറ്ററാക്കി ചുരുക്കിയാണ് പുതിയ വിജ്ഞാപനം ഇറക്കിയത്. നിലവില്‍ തുടരുന്ന നിര്‍മാണങ്ങളില്‍ ഇളവ് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. വിനോദ സഞ്ചാര മേഖലയെ കൂടി കണക്കിലെടുത്താണ് പുതിയ വിജ്ഞാപനം.
തീരദേശത്തെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ സംരക്ഷിക്കണമെന്നും ഇവിടങ്ങളിലെ 30 ശതമാനം പ്രദേശത്ത് മാത്രമായിരിക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയെന്നും നിബന്ധനകള്‍ പാലിച്ച് പരിസ്ഥിതി സൗഹൃദ റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍ എന്നിവ നിര്‍മിക്കാമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. ദ്വീപുകളിലെ നിര്‍മാണത്തിന്റെ പരിധി 50 മീറ്ററില്‍ നിന്നും 20 മീറ്ററാക്കി കുറച്ചിട്ടുണ്ട്.