ന്യൂഡല്‍ഹി: 1950 മുതലുള്ള ആധാരങ്ങള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം നല്‍കിയെന്ന വാര്‍ത്ത വ്യാജമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ആഗസ്റ്റ് 14നകം ആധാരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നും ആധാറുമായി ബന്ധിപ്പിക്കാത്തത് ബിനാമി ഇടപാടായി കണക്കാക്കുമെന്നുമായിരുന്നു പ്രചരിച്ചത്.
കൂടാതെ ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ചീഫ് സെക്രട്ടറിമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍, നീതി ആയോഗ് സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് അയച്ചുവെന്നും വാര്‍ത്തകളുണ്ടായിരുന്നു.
ദേശീയ മാധ്യമങ്ങള്‍ അടക്കം പ്രാധാന്യത്തോടെ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെയാണ് വാര്‍ത്ത വ്യാജാമാണെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്.
അണ്ടര്‍ സെക്രട്ടറിയുടെ പേരിലുള്ള വ്യാജ വിജ്ഞാപനമാണ് പ്രചരിച്ചിരുന്നത്.
ഡിജിറ്റല്‍ ഇന്ത്യ ലാന്‍ഡ് റെക്കോര്‍ഡ് മോഡേണൈസേഷന്‍ പദ്ധതിയുടെ ഭാഗമായാണ് നടപടിയെന്നും ആധാരങ്ങള്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
അതേസമയം എല്ലാ ബാങ്ക് അക്കൗണ്ടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു.
ഡിസംബര്‍ 31നകം നിലവിലെ ബാങ്ക് അക്കൗണ്ടുകളെല്ലാം ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് കേന്ദ്രം നിര്‍ദേശിച്ചത്.
ഇത്തരത്തില്‍ ആധാറുമായി ബന്ധിപ്പിക്കാത്ത ബാങ്ക് അക്കൗണ്ടുകള്‍ ഡിസംബര്‍ 31 ന് ശേഷം നിര്‍ജീവമാകുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
പാന്‍കാര്‍ഡും ആധാറുമായി ബന്ധിപ്പിക്കുവാനും നിര്‍ദേശം ലഭിച്ചിരുന്നു. ആധാര്‍ ഉള്ളവര്‍ ജൂലൈ ഒന്നിനകം പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യണമെന്നായിരുന്നു നിര്‍ദേശം. ലിങ്ക് ചെയ്യാത്ത പാന്‍ കാര്‍ഡുകള്‍ അസാധുവാകും.