യാത്രയ്ക്ക് 21 ദിവസം മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യാൻ ജീവനക്കാർക്ക് കേന്ദ്ര സർക്കാർ നിർദേശം

ദില്ലി: ചിലവ് ചുരുക്കാൻ ജീവനക്കാർക്ക് പുതിയ ഉപദേശം നൽകിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. സർക്കാർ ചെലവിൽ ഉള്ള യാത്രകൾക്ക് കുറഞ്ഞ നിരക്കിലുള്ള വിമാനടിക്കറ്റ് മാത്രമേ ബുക്ക് ചെയ്യാവൂ എന്ന് ജീവനക്കാർക്ക് കേന്ദ്ര നിർദേശം. യാത്രയ്ക്ക് 21 ദിവസം മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കണമെന്നാണ് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. വിമാനകമ്പനികൾ ഫ്ലെക്സി നിരക്കിൽ ടിക്കറ്റ് വില ഈടാക്കുന്നതിനാൽ അധിക ബാധ്യത ഒഴിവാക്കാനാണ് ഇത്തരമൊരു നിർദേശം നൽകിയിരിക്കുന്നത്.

യാത്രയ്ക്ക് അനുമതി കിട്ടാൻ കാത്തുനിൽക്കാതെ ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും നിർദ്ദേശമുണ്ട്. ഒന്നിലധികം ടിക്കറ്റുകൾ ബുക്ക് ചെയ്യരുത് എന്നും നിർദേശിച്ചു. നിലവിൽ ബാൽമർ ലൗറി ആൻഡ് കമ്പനി, ഐആർസിടിസി, അശോക ട്രാവൽ ആൻഡ് ടൂർസ് എന്നീ മൂന്ന് കമ്പനികൾ വഴി മാത്രമേ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാനാവൂ.

അവസാന 72 മണിക്കൂറിനുള്ളിലാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതെങ്കിൽ യാത്രചെയ്യുന്ന ജീവനക്കാരൻ ഇതിന് മതിയായ കാരണം ബോധിപ്പിക്കണം. ടിക്കറ്റുകൾ ക്യാൻസൽ ചെയ്യേണ്ടി വന്നാൽ യാത്രയുടെ 24 മണിക്കൂർ മുൻപ് ആയിരിക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. അവസാന 24 മണിക്കൂറിനുള്ളിൽ ടിക്കറ്റ് ക്യാൻസൽ ചെയ്‌താൽ ജീവനക്കാരൻ മതിയായ കാരണം ബോധിപ്പിക്കണം.

ഒരു യാത്രയ്ക്കുള്ള ടിക്കറ്റ് അംഗീകാരമുള്ള മൂന്ന് ഏജൻസികളിൽ ഒന്നിൽ നിന്നും മാത്രമേ വാങ്ങാൻ പാടുള്ളൂ. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ ജോയിന്റ് ഓഫീസ് റാങ്കിലുള്ള ഉദ്യോഗസ്ഥൻറെ അനുമതിയോടുകൂടി മാത്രമേ ജീവനക്കാർ മറ്റ് ടിക്കറ്റ് ബുക്കിംഗ് ഏജൻസികൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ പാടുള്ളൂ എന്നും കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

Top