പൊന്‍മുടിയില്‍ കുടുങ്ങിപ്പോയ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തി

തിരുവനന്തപുരം: പൊന്‍മുടിയില്‍ കുടുങ്ങിപ്പോയ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തി. മിനിസ്ട്രി ഓഫ് എച്ച്ആര്‍ഡിയിലെ ആറംഗസംഘത്തില്‍പെട്ട അശോക് കുമാറാ(63)ണ് കടുത്ത മൂടല്‍മഞ്ഞ് കാരണം പൊന്മുടി അപ്പര്‍ സാനിറ്റോറിയത്തില്‍ നിന്നു മുക്കാല്‍ കിലോമീറ്ററോളം വഴിതെറ്റി വിജനമായ മലനിരകളില്‍ ഒറ്റപ്പെട്ടുപോയത്.

കൂടെയുണ്ടായിരുന്നവര്‍ സ്വന്തം നിലയില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. നേരം ഇരുട്ടിയശേഷമാണ് ഇവര്‍ ടൂറിസം വകുപ്പിനെ വിവരമറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാത്രി 8ഓടെ പൊന്മുടിയുടെ വനാന്തരങ്ങളില്‍ നിന്നു അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു.

പൊന്‍മുടി സന്ദര്‍ശിക്കാനെത്തിയ ഒരു സഞ്ചാരിയെ കാണാനില്ലെന്ന വിവരമറിഞ്ഞ ഉടന്‍ ഇടപെടുകയും പോലിസിനോടും ഫയര്‍ഫോഴ്സിനോടും അടിയന്തിരമായി തിരച്ചില്‍ തുടങ്ങാനും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദേശം നല്‍കിയിരുന്നു.

Top