ന്യൂഡല്‍ഹി: രാജ്യസഭയിലെ 12 എംപിമാരെ ഈ സമ്മേളന കാലയളവ് തീരും വരെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്ര സര്‍ക്കാര്‍. എംപിമാര്‍ മാപ്പ് പറഞ്ഞാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നത് പരിഗണിക്കാം എന്നാണ് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞത്.
‘സഭയുടെ അന്തസ്സ് നിലനിര്‍ത്താന്‍, സസ്പെന്‍ഷന്‍ എന്ന നിര്‍ദേശം മുന്നോട്ടുവെയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. എന്നാല്‍ ഈ 12 എംപിമാര്‍ അവരുടെ മോശം പെരുമാറ്റത്തിന് സ്പീക്കറോടും സഭയോടും മാപ്പ് പറഞ്ഞാല്‍, തുറന്ന ഹൃദയത്തോടെ സമീപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്’- പ്രഹ്ലാദ് ജോഷി പറഞ്ഞു.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ അവസാന ദിവസമായ ഓഗസ്റ്റ് 11ന് പാര്‍ലമെന്റ് പ്രക്ഷുബ്ധമായ സംഭവത്തിലാണ് നടപടി. പെഗാസസ് ചാരവൃത്തിയില്‍ അന്വേഷണവും പാര്‍ലമെന്റില്‍ ചര്‍ച്ചയും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ബഹളം വെച്ചത്. എളമരം കരിം, ബിനോയ് വിശ്വം ഉള്‍പ്പെടെ 12 എംപിമാരെയാണ് സമ്മേളന കാലയളവ് വരെ പുറത്ത് നിര്‍ത്തുന്നത്. കഴിഞ്ഞ സമ്മേളന കാലത്തെ സംഭവത്തിന്റെ പേരില്‍ ഈ സമ്മേളന കാലയളവില്‍ ശിക്ഷിക്കാന്‍ കഴിയില്ലെന്ന് ലോക്‌സഭാ സെക്രട്ടറി ജനറല്‍ ആയിരുന്ന പി ഡി ടി ആചാരി പറഞ്ഞു.
പ്രിവിലേജ് കമ്മിറ്റി മുഖേനയും അംഗങ്ങള്‍ക്ക് എതിരെ നടപടിയെടുക്കാം. പക്ഷേ കമ്മിറ്റിക്ക് മുമ്പാകെ ഈ അംഗങ്ങളെ വിളിച്ചു വരുത്തുകയും അവരുടെ ഭാഗം കേള്‍ക്കുകയും ചെയ്യണം. ഇവിടെ ഈ നടപടിയും ഉണ്ടായില്ല. സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെയാണ് കടുത്ത അച്ചടക്ക നടപടി ഉണ്ടായിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നു സസ്‌പെന്‍ഷന്‍ വിഷയത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് എം.പിമാരുടെ തീരുമാനം.
ഈ സെഷനില്‍ പല സുപ്രധാന ബില്ലുകളും സഭയില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുകയാണെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു- ‘ചട്ടം അനുസരിച്ച് എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാനും എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാനും സര്‍ക്കാര്‍ തയ്യാറാണ്. പല സുപ്രധാന ബില്ലുകളും സഭയില്‍ അവതരിപ്പിക്കും. സഭ പ്രവര്‍ത്തിക്കാനും ഫലപ്രദമായി നടത്താനും അനുവദിക്കണമെന്ന് ഞാന്‍ എല്ലാ കക്ഷികളോടും ഒരിക്കല്‍ കൂടി അഭ്യര്‍ഥിക്കുന്നു’- പ്രഹ്ലാദ് ജോഷി കൂട്ടിച്ചേര്‍ത്തു.
എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാമെന്നും ചര്‍ച്ചയാവാമെന്നും പറഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ വാഗ്ദാനം പാലിച്ചില്ല. ഇന്നലെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അവതരിപ്പിക്കുന്നതിനിടെ ചര്‍ച്ച വേണമെന്ന പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചില്ല.