കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം പ്രതികരിച്ചത് നന്നായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം പ്രതികരിച്ചത് നന്നായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാലറി ചലഞ്ച് വഴി ഒരു വര്‍ഷം 1500 കോടി രൂപ വരെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സമ്മതപത്രം വാങ്ങി മാത്രമാണ് തുക ഈടാക്കുകയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

48 മണിക്കൂര്‍ വെള്ളം കെട്ടിനിന്ന എല്ലാ വീടുകള്‍ക്കും 10,000 രൂപ വീതം നല്‍കിയെന്നും ആയിരക്കണക്കിന് കോടി രൂപയുടെ സഹായമാണ് നഷ്ടമായതെന്നും അദ്ദേഹം വ്യക്തമാക്കി.

സാലറി ചലഞ്ചില്‍ പ്രതിപക്ഷ നിലപാട് ശരിയായില്ല. നാടിന്റെ പൊതു ആവശ്യത്തിന് ചേരുന്ന നിലപാടല്ല പ്രതിപക്ഷം സ്വീകരിച്ചത്. സാലറി ചലഞ്ചിന്റെ പേരില്‍ സര്‍ക്കാര്‍ ആര്‍ക്കെതിരെയും പ്രതികാര നടപടി എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം പ്രളയസഹായം നല്‍കുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷം ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ വാഗ്ദാനങ്ങള്‍ നടപ്പായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. യുഎഇയില്‍ നിന്ന് 700 കോടി രൂപ കിട്ടുമെന്ന് മുഖ്യമന്ത്രിയോട് ആരാണ് പറഞ്ഞതെന്നും പ്രളയത്തെ കുറിച്ചുള്ള യുഎന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയില്ലെന്നും മത്സ്യത്തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച തുക നല്‍കിയില്ലെന്നും വീട് നഷ്ടപ്പെട്ടവര്‍ക്ക് താല്‍ക്കാലിക പരിഹാരം ഒരുക്കാനും കഴിഞ്ഞില്ലെന്നും പ്രതിപക്ഷം പറഞ്ഞു.

അടിയന്തര സഹായമായ 10,000 രൂപ കിട്ടാത്തവര്‍ വേറെയുണ്ട്. മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും ബാങ്കുകള്‍ ജപ്തി നടപടികള്‍ തുടരുന്നുണ്ട്. കേന്ദ്രത്തില്‍ നിന്നും സഹായം നേടിയെടുക്കാന്‍ സംസ്ഥാനത്തിനായില്ലെന്നും സാലറി ചലഞ്ചിന്റെ പേരില്‍ കേരളത്തിലെ ജീവനക്കാരെ രണ്ട് തട്ടിലാക്കിയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top