പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെതിരെ നടപടിയെടുക്കണമെന്ന് കേന്ദ്രം

ന്യൂഡൽഹി: കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെതിരെ നടപടിയെടുക്കണമെന്ന് കേന്ദ്രം.

ബംഗാൾ സർക്കാരിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്തയച്ചു. രാഷ്ട്രീയക്കാർക്കൊപ്പം ധർണയിരുന്നത് സർവ്വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് കത്തിൽ പറയുന്നത്.

ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണവുമായി ബംഗാള്‍ സര്‍ക്കാര്‍ സഹകരിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ സിബിഐക്ക് മുന്നില്‍ ഹാജരാകണം. എന്നാല്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശിച്ച കോടതി, ഫെബ്രുവരി 20ന് കേസ് വീണ്ടും പരിഗണിക്കും എന്നും അറിയിച്ചു.

അതേസമയം, ബംഗാള്‍ പൊലീസ് സിബിഐക്കെതിരെ കേസെടുക്കുന്നത് തടയണമെന്ന സിബിഐയുടെ ആവശ്യം സുപ്രീംകോടതി തള്ളി. എന്നാല്‍ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്ന സിബിഐയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു.

കോടതി വിധി ധാര്‍മിക വിജയമെന്നാണ് മമത പറഞ്ഞത്. രാജീവ് കുമാറിന്റെ അറസ്റ്റ് പാടില്ലെന്ന വിധി ധാര്‍മികമെന്നും ഉത്തരവ് സ്വാഗതം ചെയ്യുന്നൂവെന്നും മമത ബാനര്‍ജി പ്രതികരിച്ചു.

Top