കോച്ച് ഫാക്ടറി യാഥാര്‍ത്ഥ്യമാക്കിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് എ.കെ.ആന്റണി

AK-Antony

ന്യൂഡല്‍ഹി: കഞ്ചിക്കോട് കോച്ച് ഫാക്ടറി എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് അറിയിച്ച് രാജ്യസഭാ എം.പി എ.കെ.ആന്റണി രംഗത്ത്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് നല്‍കിയ വാഗ്ദാനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോച്ച് ഫാക്ടറിയുടെ പ്രവര്‍ത്തനം തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ റെയില്‍ ഭവന് മുന്നില്‍ യു.ഡി.എഫ് എം.പിമാര്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ സമരത്തോട് കൂടി ഒന്നും അവസാനിക്കാന്‍ പോകുന്നില്ലെന്നും ഇതൊരു തുടക്കം മാത്രമാണെന്നും മുന്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച കോച്ച് ഫാക്ടറിക്കായി നടപടികള്‍ പൂര്‍ത്തിയാക്കിയതാണെന്നും എന്നാല്‍, അടുത്ത പൊതുതെരഞ്ഞെടുപ്പ് വന്നതോടെ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ നടപടികള്‍ മന്ദഗതിയിലായെന്നും ആന്റണി കുറ്റപ്പെടുത്തി.

കേരളത്തിന്റെ ചിരകാല അഭിലാഷമാണ് കോച്ച് ഫാക്ടറി, അത് എന്തുവില കൊടുത്തും നേടിയെടുക്കും. വേണ്ടിവന്നാല്‍ സംയുക്ത പ്രക്ഷോഭം നടത്തുമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

Top