കേന്ദ്രസര്‍ക്കാര്‍ പദ്ധതി; തൃശൂരിന് അനുവദിച്ച 100 ഇലക്ട്രിക് ബസുകളില്‍ 25 എണ്ണം ഉടന്‍ എത്തും

തൃശൂര്‍: കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന 25 ഇലക്ട്രിക് ബസുകള്‍ സാംസ്‌കാരികതലസ്ഥാനത്ത് ഉടന്‍ എത്തും. സര്‍വീസ് റൂട്ടുകള്‍ സംബന്ധിച്ച ചര്‍ച്ച കെഎസ്ആര്‍ടിസി തുടങ്ങി. പ്രധാനമന്ത്രിയുടെ സേവാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൃശൂരിന് അനുവദിച്ച 100 ഇലക്ട്രിക് ബസുകളില്‍ 25 എണ്ണം ആണ് ഉടന്‍ എത്തുക. ഇതോടെ നഗരത്തിലെ മലിനീകരണ പ്രശ്‌നത്തിന് വലിയ പരിഹാരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 35 സീറ്റ് ഉള്ള ബസുകള്‍ ഒറ്റത്തവണ ചാര്‍ജില്‍ 250 മുതല്‍ 300 കിലോമീറ്റര്‍ വരെ ഓടും.

തൃശൂര്‍ നഗരവും നഗരത്തിനു 20 കിലോമീറ്റര്‍ ചുറ്റുമുള്ള പ്രദേശങ്ങളും കേന്ദ്രീകരിച്ച് ബസ് സര്‍വീസ് നടത്താനാണ് പദ്ധതി. സ്വകാര്യ ബസുകള്‍ സ്വരാജ് റൗണ്ടില്‍ എത്തുന്നത് ഒഴിവാക്കിയാല്‍ നഗരത്തില്‍ മലിനീകരണം കുറയും. ഏറെ ആശുപത്രികളുള്ള ഈ പ്രദേശത്ത് ശബ്ദമലിനീകരണവും കുറയ്ക്കാം.

തിരുവനന്തപുരത്തേതു പോലെ ആദ്യഘട്ടത്തില്‍ പത്തു രൂപയാകും ബസ് ചാര്‍ജ്. മികച്ച റൂട്ടുകള്‍ കണ്ടെത്തി ആദ്യഘട്ടത്തില്‍ തന്നെ സര്‍വീസ് എങ്ങനെ ലാഭകരമാക്കും എന്നതാണ് അധികൃതര്‍ നേരിടുന്ന വെല്ലുവിളി. 87 ബസുകള്‍ ഉള്ള കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ കൂടുതല്‍ ബസുകള്‍ ഉള്‍ക്കൊള്ളാന്‍ ആവില്ല. ചാര്‍ജിങ് സൗകര്യങ്ങളോടുകൂടി പാര്‍ക്കിംഗ് സൗകര്യം ഒരുക്കാന്‍ കോര്‍പ്പറേഷന്റെ സഹായം അധികൃതര്‍ തേടിയിട്ടുണ്ട്. നഗരത്തിലെത്താതെ സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് മറ്റിടങ്ങളിലും ചാര്‍ജിങ് പോയിന്റുകള്‍ വികസിപ്പിക്കേണ്ടിവരും.

Top