തിരുവനന്തപുരം: കേരളത്തിലെ പ്രളയത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ കൂടുതല്‍ കേന്ദ്രസേനയെ അയച്ച് കേന്ദ്ര സര്‍ക്കാര്‍.
പത്തനംതിട്ട, എറണാകുളം, ഇടുക്കി, ആലപ്പുഴ വയനാട് ജില്ലകളിലാണ് കൂടുതല്‍ സേനയെ നിയോഗിച്ചിരിക്കുന്നത്. തിരുവനന്തപുരത്തും, കോഴിക്കോട്ടും, മലപ്പുറത്തും സേന തുടരുന്നുണ്ട്.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള അനവധി പേര്‍ രാത്രിയിലും പലയിടത്തും കുടുങ്ങി കിടക്കുകയാണ്. രക്ഷക്കു വേണ്ടി വിളിച്ചു കേഴുന്നവരുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളിലും വ്യാപകമാണ്.
വാര്‍ത്താ ചാനലുകളുടെ ഓഫീസുകളിലേക്ക് വിളിച്ചും പലരും വിവരങ്ങള്‍ നല്‍കി സഹായത്തിന് അപേക്ഷിച്ചു കൊണ്ടിരിക്കുകയാണ്.
സംസ്ഥാന ഫോഴ്‌സിന് എത്താന്‍ പറ്റാത്ത ഇത്തരം ഇടങ്ങളിലേക്കാണ് സൈനികര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പ്രവര്‍ത്തനങ്ങള്‍ നിരിക്ഷിക്കാനും നിര്‍ദേശം നല്‍കാനും ഉന്നത സൈനിക ഉദ്യോഗസ്ഥരും വിവിധ ജില്ലകളില്‍ എത്തിയിട്ടുണ്ട്.
വ്യാമസേനയുടെയും നേവിയുടെയും സഹായം ദുരന്ത പ്രതികരണ സേനക്കുണ്ട്. മൂന്ന് വിഭാഗങ്ങളും സംസ്ഥാന ഫോഴ്‌സുമായി സഹകരിച്ചാണ് യുദ്ധകാല അടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
സൈനികരെയും ബോട്ടുകള്‍ അടക്കമുള്ള രക്ഷാ സംവിധാനങ്ങളും വഹിച്ചുകൊണ്ടുള്ള വാഹനങ്ങള്‍ പ്രതികൂല കാലാവസ്ഥ മറികടന്ന് വിവിധ മേഖലകളിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്.
തിരുവല്ല ഫയര്‍ഫോഴ്‌സ് ഓഫിസില്‍ മാത്രം രാവിലെ പതിനൊന്നിനും വൈകിട്ട് എട്ടിനുമിടയില്‍ ഫോണിലൂടെ മാത്രം സഹായം തേടി ആയിരത്തിലധികം വിളികള്‍ വന്നതായി അധികൃതര്‍ അറിയിച്ചു. പത്തനംതിട്ടയില്‍ സര്‍വസജ്ജമായ കണ്‍ട്രോള്‍ റൂം തുറന്നു കഴിഞ്ഞതായി മന്ത്രി മാത്യു ടി. തോമസ് അറിയിച്ചിട്ടുണ്ട്. വ്യാഴം രാവിലെ മുതല്‍ പത്തനംതിട്ടയിലെ കണ്‍ട്രോള്‍ റൂം രക്ഷാപ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ. വിദേശത്തും കേരളത്തിനു പുറത്തുമുള്ളവരുടെ ബന്ധുക്കളും മക്കളും പ്രായമായവരുടെ രക്ഷയ്ക്കായി നിരന്തരം വിളിക്കുകയാണ്.
അഗ്‌നിശമന സേനയെയും ദേശീയ ദുരന്തനിവാരണ സേനയെയും പൊലീസിനെയും ലഭ്യമായ നമ്പറുകളിലെല്ലാം വിളിച്ചെങ്കിലും കിട്ടുന്നില്ലെന്നാണ് കുടുങ്ങിക്കിടക്കുന്നവരുടെ പരാതി. കലക്ടറേറ്റില്‍ ഉള്‍പ്പെടെ വിളിച്ചുനോക്കിയെങ്കിലും ഫോണെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഫോണില്‍ കിട്ടിയവരോട് ദുരവസ്ഥ വിവരിച്ചെങ്കിലും രാത്രി വൈകിയും ആരും എത്തിയിരുന്നില്ല. നേവി ഉദ്യോഗസ്ഥരാണ് ഇവിടെ രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങിയത്.
കുടുങ്ങിക്കിടക്കുന്നവരില്‍ മിക്കവരും ഭക്ഷണം കിട്ടാതെ അവശരാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്ന അഗ്‌നിശമന സേനാ, പോലീസ്, ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കും ഭക്ഷണം ലഭ്യമാക്കാനായിട്ടില്ല. ഇപ്പോള്‍ത്തന്നെ അരയ്‌ക്കൊപ്പം വെള്ളത്തില്‍ കഴിയുമ്പോള്‍ കണ്‍മുന്നില്‍ ജലനിരപ്പുയരുന്നതിന്റെ പരിഭ്രാന്തിയിലാണ് ആളുകള്‍. നിലവിലുള്ള സാഹചര്യം കലക്ടറെ ധരിപ്പിക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ക്ക് വീഴ്ച സംഭവിച്ചെന്നും ആക്ഷേപമുണ്ട്.
ദുരന്തനിവാരണ സേനയെ കാത്ത് ജനങ്ങളിരിക്കുന്ന സ്ഥലങ്ങള്‍
ചക്കിട്ടപടി, കോഴിപ്പാലം, ആറാട്ടുപുഴ, മാലക്കര, തുരുത്തിമല, അയ്യന്‍കോയിക്കല്‍, കുളമാക്കുഴി എന്നിവിടങ്ങളില്‍ നൂറിലധികം കുടുംബങ്ങള്‍ ഒറ്റപ്പെട്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. മാലക്കര, വഞ്ചിത്തറ ഭാഗങ്ങളിലും ഒട്ടേറെപ്പേര്‍ വീടുകളില്‍ കുടുങ്ങിയിട്ടുണ്ട്. ആറന്മുള സഹകരണ എന്‍ജിനീയറിങ് കോളജ് ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ആറന്മുള ഐക്കരമുക്കില്‍ നിന്ന് കിടങ്ങന്നൂര്‍ക്കു പോകുന്ന വഴിയില്‍ കാനറ ബാങ്കിന്റെ മുകളിലത്തെ നിലയില്‍ രണ്ടു കുംടുംബങ്ങള്‍ കുടുങ്ങിയിട്ടുണ്ട്. കോഴഞ്ചേരി ചെറുപുഴക്കാട്ട് ദേവീക്ഷേത്രത്തിന് സമീപമുള്ള അഞ്ചു കുടുംബങ്ങള്‍ വീടുകളില്‍ അകപ്പെട്ട് കിടക്കുന്നു.
കോയിപ്രം പഞ്ചായത്തിലെ കരിയിലമുക്ക്, പുല്ലാട് പോലീസ് സ്റ്റേഷന്‍ ഭാഗം, വരയന്നൂര്‍, ചാത്തന്‍പാറ, ഉള്ളൂര്‍ക്കാവ് എന്നിവിടങ്ങളില്‍ 35 കുടുംബങ്ങള്‍ കുടുങ്ങിയിട്ടുണ്ട്. മാരാമണ്‍ ലത്തീന്‍ കത്തോലിക്കാ പള്ളിയില്‍ മാമോദീസ ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരില്‍ കുറച്ചു പേരും കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. കവിയൂര്‍ സ്വദേശികളാണ് ഇവരില്‍ ഭൂരിഭാഗവും. ആറന്മുള, ചെറുകോല്‍ ഭാഗങ്ങളില്‍ ഒട്ടേറെ കുടുംബങ്ങള്‍ വീടിന്റെ ഒന്നാമത്തെ നിലയില്‍ കുടുങ്ങിയിട്ടുണ്ട്. തൊട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഓഫിസിനു പിന്നില്‍ അഞ്ചു വീടുകളുടെ മുകളില്‍ മുപ്പതിലധികം പേര്‍ കുടുങ്ങി. ഒന്നാം നിലയിലേക്ക് വെള്ളം കയറിത്തുടങ്ങി. ഇവിടെ കൂട്ട നിലവിളിയാണ്.
മലപ്പുഴശ്ശേരി പഞ്ചായത്തിലെ മുല്ലശ്ശേരി ചിറയില്‍ അഞ്ചു കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. കോഴിപ്പാലത്തെ ഹോസ്റ്റലിലും കുട്ടികള്‍ അകപ്പെട്ടിട്ടുണ്ട്. ചെറുകോല്‍ ഭാഗത്ത് വള്ളം ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെങ്കിലും ഒന്നാം നിലയില്‍ കുടുങ്ങിയവരെ വള്ളം വഴി രക്ഷിക്കാന്‍ ബുദ്ധിമുണ്ട് നേരിടുന്നുണ്ട്. ഇവിടെയ്ക്കും സേനാ സംഘം പോയിട്ടുണ്ട്.