ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവര്‍ത്തകരെ അധിക്ഷേപിക്കുന്നതാണ് കേന്ദ്ര സഹമന്ത്രിയുടെ വെളിപ്പെടുത്തലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാരിന് പ്രതികൂലമായി മാറുന്ന തരത്തിലുള്ള കണക്കുകളൊന്നും മോദി സര്‍ക്കാരിന്റെ കൈവശമില്ല. പാത്രം കൊട്ടുകയും വിളക്ക് തെളിക്കുകയും ചെയ്യുന്നതിനെക്കാള്‍ പ്രധാനമാണ് ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയും ആത്മാഭിമാനവുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
കോവിഡ് ബാധിക്കുകയോ അതേത്തുടര്‍ന്ന് മരിക്കുകയോ ചെയ്ത ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ദേശീയ തലത്തില്‍ ശേഖരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി ചൗബേയാണ് രാജ്യസഭയെ അറിയിച്ചത്. ആരോഗ്യം സംസ്ഥാന വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ആശാ വര്‍ക്കേഴ്സ് എന്നിവരില്‍ എത്രപേര്‍ക്ക് കോവിഡ് ബാധിച്ചുവെന്നും അതില്‍ എത്രപേര്‍ മരിച്ചുവെന്നുമുള്ള ചോദ്യത്തിനാണ് കേന്ദ്ര സഹമന്ത്രി മറുപടി നല്‍കിയത്.
പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ ഇന്‍ഷുറന്‍സ് പാക്കേജ് പ്രകാരം സഹായംതേടിയ ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ദേശീയ തലത്തില്‍ ശേഖരിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം 64 ഡോക്ടര്‍മാരടക്കം 155 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടെന്ന് അശ്വിനി ചൗബേ രാജ്യസഭയെ അറിയിച്ചിരുന്നു.