ന്യൂഡല്‍ഹി: കാര്‍ട്ടൂണ്‍ ചാനലുകളില്‍ കോള, ജങ്ക് ഫുഡ് എന്നിവയുടെ പരസ്യം നിരോധിക്കുമെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി സ്മൃതി ഇറാനി. നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഇത്തരത്തിലൊരു നിര്‍ദേശമില്ലെന്നാണ് സ്മൃതി ഇറാനി രാജ്യസഭയില്‍ പറഞ്ഞിരിക്കുന്നത്.
എന്നാല്‍, ഉയര്‍ന്ന അളവില്‍ കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ പരസ്യങ്ങള്‍ കുട്ടികളുടെ ചാനലുകളില്‍ നല്‍കാതിരിക്കാന്‍ ഒന്‍പത് ഭക്ഷ്യവിതരണ കമ്പനികള്‍ തീരുമാനിച്ചിട്ടുണ്ടെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ കാര്‍ട്ടൂണ്‍ ചാനലുകളില്‍ കോളയുടെയും, ജങ്ക് ഫുഡുകളുടെയും പരസ്യം കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചുവെന്ന തരത്തിലുള്ള വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.