കോഴിക്കോട്: സെപ്തംബര്‍ 28ന് ഔഷധവ്യാപാരികള്‍ രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചു. ഓണ്‍ലൈന്‍ ഔഷധ വ്യാപാരത്തിന് അനുമതി നല്‍കുന്ന കരട് വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണം എന്ന ആവശ്യമുന്നയിച്ചാണ് പണിമുടക്ക്.
ഔഷധ വ്യാപാരികളുടെ അഖിലേന്ത്യാ സംഘടനയായ ആള്‍ ഇന്ത്യാ ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റ് ആന്റ് ഡ്രഗ്രിസ്റ്റ്(എ.ഐ.ഒ.സി.ഡി) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
മരുന്നുകളുടെ ഓണ്‍ലൈന്‍ വ്യാപാരം നടത്തുകയാണെങ്കില്‍ 8.5 ലക്ഷത്തോളം വരുന്ന വ്യാപാരികളുടേയും അവരുടെ കുടുംബത്തിന്റെയും അവസ്ഥ പരിതാപകരമാവുമെന്നും പാര്‍ശ്വഫലങ്ങളെ കുറിച്ചും കഴിക്കേണ്ട രീതിയെ കുറിച്ചുമെല്ലാം രോഗിയെ ധരിപ്പിക്കുന്ന ഫാര്‍മസിസ്റ്റിന്റെ സേവനം തന്നെ ഇല്ലാതാകുമെന്നും സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കി.